• Tue. May 12th, 2026

24×7 Live News

Apdin News

മെയിന്റനന്‍സ് യാര്‍ഡ് മാറ്റുന്നില്ല; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വികസനം; തടയിട്ട് ഇടത് യൂണിയന്‍

Byadmin

May 12, 2026


തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് തടയിടാനുള്ള തീവ്രശ്രമവുമായി ഇടത് യൂണിയന്‍. തമ്പാനൂരിലെ മെയിന്റനന്‍സ് യാര്‍ഡ് നേമത്തേക്കും കൊച്ചുവേളിയിലേക്കും മാറ്റാതെ സ്റ്റേഷന്‍ വികസനത്തിന് തുരങ്കം വയ്‌ക്കുന്നു. നേമത്തും കൊച്ചുവേളിയിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈകിപ്പിക്കുകയാണ്.

യാര്‍ഡ് മാറ്റം നടപ്പാക്കാത്തതുമൂലം സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ ഔട്ടറില്‍ കിടക്കേണ്ടിവരുന്നത് നിത്യസംഭവമാണ്. നിലവില്‍ തമ്പാനൂരില്‍ അഞ്ച് പ്ലാറ്റ്‌ഫോമുകളാണുള്ളത്. മെയിന്റനന്‍സ് യാര്‍ഡും പിറ്റ് ലൈനുകളും വലിയൊരു സ്ഥലം കൈയടക്കി വെച്ചിരിക്കുന്നതിനാല്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കാന്‍ റെയില്‍വേക്ക് സ്ഥലം ലഭിക്കുന്നില്ല. തമ്പാനൂരിലെ സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് മെയിന്റനന്‍സ് യാര്‍ഡുകള്‍ കൊച്ചുവേളിയിലേക്കും നേമത്തേക്കും മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അട്ടിമറിക്കാന്‍ യാര്‍ഡുകളുടെ നിര്‍മാണം മന്ദഗതിയിലാക്കി. ഇടത് യൂണിയന്‍ നേതാക്കളും തമിഴ്‌നാട് നിന്നുള്ള ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്നായിരുന്നു അട്ടിമറി.

യാര്‍ഡില്‍ ജോലി ചെയ്യുന്നതില്‍ അധികം പേരും കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരാണ്. നേമത്തോ വേളിയിലോ യാര്‍ഡുകള്‍ പൂര്‍ണമായും മാറ്റിയാല്‍ ഇവര്‍ക്ക് വന്നു പോകുന്നതിന് യാത്രാസൗകര്യം ലഭിക്കില്ല. അതിനാല്‍ യാര്‍ഡ് നില നിര്‍ത്തുക ഇവരുടെയും ആവശ്യമായി മാറി.

495 കോടി രൂപയുടെ അമൃത്ഭാരത് പദ്ധതിയിലൂടെ സെന്‍ട്രല്‍ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജഗോപാല്‍ ഗേറ്റിന് സമീപത്താണ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്തായാണ് ചെറിയ ടിക്കറ്റ് കൗണ്ടറും. ഈ സമയത്ത് യാര്‍ഡ് മാറ്റം നടന്നിരുന്നെങ്കില്‍ ടിക്കറ്റ് കൗണ്ടര്‍ കെട്ടിടവും മാറ്റി സ്ഥാപിച്ച് ഇവിടെ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ കൂടി നിര്‍മിക്കാമായിരുന്നു. വികസനം പൂര്‍ത്തിയായ ശേഷം യാര്‍ഡ് മാറ്റിയാല്‍ പുതിയൊരു നിര്‍മാണത്തിന് ഭരണാനുമതി ലഭിക്കാന്‍ വൈകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.



By admin