മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടിൽ സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന നിഗമനത്തിൽ ജിഎസ്ടി വകുപ്പ്. സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് 206 കോടി രൂപയാണ്. ഈ പണം വന്നതിൽ ദുരൂഹതയുണ്ടെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിച്ചതായും രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നൽകി എന്നതിന് രേഖകൾ ഇല്ലെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും ചെലവഴിച്ചത് സ്വന്തം പണമാണെന്നുമായിരുന്നു സ്പോൺസർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ജിഎസ്ടി വിഭാഗത്തിന്റെ അന്വേഷണത്തിൽ കേരളത്തിലെ തന്നെ രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് 206 കോടി രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് തെളിഞ്ഞു.
ഈ തുക വായ്പയായി നൽകിയതാണോ എന്നതുമായി ബന്ധപ്പെട്ട ഒരു രേഖയും നിലവിൽ ലഭ്യമല്ല. അക്കൗണ്ടിൽ പണമെത്തിയ ഉടൻ തന്നെ തുകയുടെ വലിയൊരു ഭാഗം മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ മാറ്റിയതായും ജിഎസ്ടി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിൽ ഗുരുതരമായ ക്രമക്കേട് ഉള്ളതിനാൽ ഫെമ ഉൾപ്പെടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിപുലമായ അന്വേഷണം നടത്തണമെന്ന് ജിഎസ്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
അന്വേഷണം വിപുലമാകുന്നതോടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡയറക്ടർമാർ അടക്കമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. സർക്കാർ തലത്തിലുള്ള ബിസിനസ് റൂളുകൾ, സെക്രട്ടേറിയറ്റ് മാനുവൽ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള ഫിനാൻഷ്യൽ കോഡുകൾ എന്നിവയൊന്നും ഈ ഇടപാടുകളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്പോൺസറായി ഒരു സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തുന്നതിന് മുൻപ് തന്നെ അവർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും സർക്കാർ ഫയലുകൾ നീക്കുന്നതിലും അനുമതി വാങ്ങുന്നതിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്