• Mon. Nov 9th, 2026

24×7 Live News

Apdin News

രാമായണം സിനിമ വൈറലായി; ജഡായുവിന്റെ ത്യാഗഭൂമി തേടി ലോകം ചടയമംഗലത്തേക്ക്

Byadmin

Nov 9, 2026



ചടയമംഗലം: വെള്ളിത്തിരയിൽ ജഡായുവിന്റെ വീരവും ത്യാഗവും വീണ്ടും ചർച്ചയാകുമ്പോൾ, ആ ത്യാഗഭൂമിയായ ചടയമംഗലത്തെ ജഡായുപ്പാറയിലേക്കും സന്ദർശകരുടെ ഒഴുക്ക്. രാമായണം സിനിമയുടെ പ്രദർശനത്തിന് പിന്നാലെ ജഡായുവിന്റെ കഥയും ചടയമംഗലത്തിന്റെ ചരിത്രപ്രാധാന്യവും തേടി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ നിരവധി തീർത്ഥാടകരും സഞ്ചാരികളുമാണ് ഇവിടെയെത്തുന്നത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമിച്ച രാമായണം സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് ജഡായുവും രാവണനും തമ്മിലുള്ള പോരാട്ടം. സീതയെ തട്ടിക്കൊണ്ടുപോയി പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് പോകുന്ന രാവണനെ ആകാശത്തുവച്ച് ജഡായു തടയുന്നതാണ് രംഗം. പ്രായാധിക്യം വകവയ്‌ക്കാതെ സീതയെ രക്ഷിക്കാൻ രാവണനോട് ഏറ്റുമുട്ടുന്ന ജഡായുവിന്റെ പോരാട്ടം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുന്നു.

പുഷ്പകവിമാനത്തിന് കേടുപാടുകൾ വരുത്തി സീതയെ രക്ഷിക്കാൻ ജഡായു ശ്രമിക്കുന്നുണ്ടെങ്കിലും രാവണന്റെ ചന്ദ്രഹാസം എന്ന വാളിനുമുന്നിൽ ഒടുവിൽ പരാജയപ്പെടുന്നു. ചിറകുകൾ അറ്റുവീണ ജഡായു രാമനോടും ലക്ഷ്മണനോടും സീതയെ രാവണൻ തെക്കുഭാഗത്തേക്ക് ലങ്കയിലേക്ക് കൊണ്ടുപോയ വിവരം അറിയിക്കുന്നു. തുടർന്ന് രാമന്റെ കൈകളിൽവച്ച് മരിക്കുന്ന ജഡായുവിന് മകനെപ്പോലെ രാമൻ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതും സിനിമയിലെ വൈകാരിക രംഗങ്ങളിലൊന്നാണ്. സീതയെ വീണ്ടെടുക്കുമെന്നും രാവണനെ വധിക്കുമെന്നും രാമൻ പ്രതിജ്ഞയെടുക്കുന്നതും ഈ ഘട്ടത്തിലാണ്.

ജഡായുവിന് ശബ്ദം നൽകിയിരിക്കുന്നത് അനുപം ഖേറാണ്. യാഷ് രാവണനായും രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. അരുൺ ഗോവിൽ ദശരഥനായും ലാറ ദത്ത കൈകേയിയായും കാജൽ അഗർവാൾ മണ്ഡോദരിയായും രാകുൽ പ്രീത് സിംഗ് ശൂർപ്പണഖയായും അഭിനയിക്കുന്നു. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജഡായുവിന്റെ പോരാട്ടരംഗം ഒരുക്കുന്നതിന് ഏറെക്കാലത്തെ ഗവേഷണവും സാങ്കേതിക മികവും ഉപയോഗിച്ചെന്നാണ് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ. പുഷ്പകവിമാനത്തിന്റെ രൂപകൽപ്പനയ്‌ക്കായി നിരവധി മാതൃകകൾ പരിശോധിച്ചശേഷം താമരയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപമാണ് തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ആദ്യഭാഗത്ത് സൗമ്യനായ പക്ഷിയായി പ്രത്യക്ഷപ്പെടുന്ന ജഡായു രണ്ടാം ഭാഗത്ത് സീതയെ രക്ഷിക്കാൻ ജീവൻപോലും പണയപ്പെടുത്തുന്ന പോരാളിയായി മാറുന്നു. ഈ മാറ്റവും ജഡായുവിന്റെ ത്യാഗവും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിക്കുന്നുണ്ട്.

ജഡായുവിന്റെ ത്യാഗകഥയുമായി ബന്ധപ്പെടുത്തി ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജഡായുപ്പാറ. പാറമുകളിൽ ഒരുക്കിയിരിക്കുന്ന ജഡായു ശില്പവും പ്രകൃതിഭംഗിയും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. സിനിമയിലെ ജഡായുവിന്റെ പോരാട്ടവും ആകാശത്തുനിന്നുള്ള പതനവുമെല്ലാം ജഡായുപ്പാറയിലെ ശില്പത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നു.

രാമായണം സിനിമയുടെ റിലീസിനുശേഷം ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള തീർത്ഥാടകരുടെയും സഞ്ചാരികളുടെയും സന്ദർശനം വർധിച്ചതായാണ് റിപ്പോർട്ട്. വെള്ളിത്തിരയിൽ കണ്ട ജഡായുവിന്റെ ത്യാഗഭൂമി നേരിൽ കാണാനുള്ള ആഗ്രഹമാണ് പലരെയും ചടയമംഗലത്തേക്ക് ആകർഷിക്കുന്നത്.

By admin