
കൊച്ചി : പഴയ കഥയെ സാങ്കേതിക വിദ്യകളുടെ മാസ്മരിക രംഗങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് രാമായണം. രാമായണകഥയായതുകൊണ്ട് രാമനിൽനിന്ന് തുടങ്ങാമായിരുന്ന ചിത്രം പക്ഷേ തുടങ്ങിയിരിക്കുന്നത് രാവണനിലൂടെയാണ് എന്നതാണ് ഏറെ കൗതുകം. തകർച്ചയിലാണ്ടുപോയ ഒരു രാജ്യത്തെ പിടിച്ചെടുത്ത് ഉന്നതിയിലേക്കും പ്രതാപത്തിലേക്കും നയിക്കുന്ന ഭരണാധികാരിയായാണ് രാവണനെ നിതേഷ് തിവാരി ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സീനിന് വേണ്ടി മാത്രം ഒന്നരകോടി മുടക്കിയ സെറ്റുകൾ അങ്ങിനെ 150 സെറ്റുകൾ, ഒരു സെറ്റിൽ മാത്രം 600 ലധികം ആളുകൾ, വർഷങ്ങൾ നീണ്ട ജോലികൾ അങ്ങിനെ എണ്ണിപ്പറയാൻ പറ്റാത്ത അത്ര കണക്കുകളുള്ള രാമായണം. നിർമ്മാണ ചിലവ് 4500 കോടി. പ്രൈം ഫോക്കസ് സ്റ്റുഡിയോസിന് വേണ്ടി നമിത് മൽഹോത്രയും നടൻ യാഷും പങ്കാളിയായി നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതീഷ് തിവാരിയാണ്. ശ്രേയസ് ജെയിൻ സംഭാഷണം ഒരുക്കിയപ്പോൾ ശ്രീധർ രാഘവനും നീതീഷ് തിവാരി ചേർന്നാണ് തിരക്കഥ എഴുതിയത്. രൺവീർ കപൂർ, രാമനായും യാഷ് രാവണനായും, സായി പല്ലവി സീതയായും രവി ദുബൈ ലക്ഷ്മണനായും അഭിനയിച്ച് തകർത്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത് ഓടുകയാണ്.
ദേവാസുരയുദ്ധത്തിനുശേഷം കൊടുംപട്ടിണിയിലായ ലങ്കയെ രക്ഷിക്കുവാൻ മാതാവ് കൈകസിയുടെ നിർദ്ദേശപ്രകാരം കൊടുംതപസ്സ് ചെയ്ത് ബ്രഹ്മാവിൽനിന്ന് അമരനാകാനുള്ള വരം നേടുകയാണ് ദശാനൻ. ദേവന്മാരെ ഒറ്റയ്ക്ക് എതിർത്ത് തോൽപിക്കുന്ന ദശാനൻ ലങ്കാധിപതിയായ രാവണൻ ആയി മാറുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. അയോധ്യയിലെ രാജകുമാരനായ ശ്രീരാമന്റെ ബാല്യകാലത്തിലൂടെയും വിശ്വാമിത്ര മഹർഷിയോടൊപ്പമുള്ള യാത്രകളിലൂടെയും ചിത്രം മുന്നോട്ട് നീങ്ങുകയാണ്.
മിഥിലയിൽ സീതാസ്വയംവരത്തിൽ ശിവധനുസ്സ് ഭഞ്ജിച്ച് സീതയെ പരിണയിക്കുന്നതും തുടർന്ന് പിതാവായ ദശരഥന്റെ നൽകിയ വാക്ക് പാലിക്കാൻ കൈകേയിയുടെ നിർദ്ദേശപ്രകാരം രാമൻ 14 വർഷത്തെ വനവാസത്തിന് പോകുന്നതും സീതയും ലക്ഷ്മണനും രാമനും ചേർന്നുള്ള വനവാസകാലം, ശൂർപ്പണഖയുമായുള്ള കൂടിക്കാഴ്ച, സ്വർണ്ണമാനിന്റെ രംഗം, രാവണന്റെ സീതാപഹരണം എന്നിവയിലൂടെ ആദ്യഭാഗത്തിലൂടെ കഥപോകുന്നത്.
രാമായണം സിനിമയുടെ ഏറ്റവും ജനപ്രീതി ആർജ്ജിച്ച രംഗം ജഡായുവും രാവണനും തമ്മിലുള്ള സംഘട്ടന രംഗമാണ്. ചിറകറ്റു വീണ ജടായു രാമനോടും ലക്ഷ്മണനോടും രാവണൻ സീതയെ തെക്കോട്ട് ലങ്കയിലേക്ക് കൊണ്ടുപോയി എന്ന സത്യം പറയും. രാമന്റെ കൈകളിൽ വെച്ചാണ് ജടായു മരിക്കുന്നത്. രാമൻ തന്നെ മകനെപ്പോലെ ജടായുവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യും, അവിടെ വെച്ചാണ് സീതയെ തിരിച്ചു കൊണ്ടുവരും, രാവണനെ വധിക്കും എന്ന പ്രതിജ്ഞ എടുക്കുന്നത്. അവസാന രംഗത്തിൽ രാമായണത്തിലെ ഏറ്റവും ശക്തനും ജനപ്രിയനുമായ കഥാപാത്രങ്ങളിൽ ഒരാളായ ഹനുമാന്റെ വരവോടെ രണ്ടാം ഭാഗത്തിന് അടിത്തറയിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറയ്ക്ക് പിന്നിൽ നടന്നിരിക്കുന്ന വർക്കുകൾ ചില്ലറയല്ല. 86 ക്യാമറകളും 30 അടിയോളം ഉയരത്തിൽ ഒരുക്കിയ ജഡായുവിന്റെ സെറ്റ്, രാവണ സിംഹാസനത്തിന്റെ നിർമ്മാണചിലവ് തന്നെ കോടികളാണ്. മുഴുവാനായി സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെങ്കിലും ഫിനിഷിംഗിനായി നേർത്ത് സ്വർണ്ണപാളികളാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് മാസമെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്. ഒന്നര കോടിയുടെ രഥമാണ് ശൂർപ്പണകയുടെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഒരുക്കിയത്. സിംഹാസനവും രഥവും എ.ഐ.-വി.എഫ്.എക്സ് എന്നൊക്കെ പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഇത്.
50 അടി വലിപ്പമുള്ള പുഷ്പക വിമാനം നിർമ്മിക്കുവാൻ 50 ദിവസം എടുത്തു. പുഷ്പക വിമാനത്തിന്റെ ഡിസൈൻ മാത്രം കണ്ടെത്താൻ ഏകദേശം 2 വർഷം കൊണ്ട് 40-50 കൺസെപ്റ്റുകൾ നോക്കിയ ശേഷമാണ് താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഫൈനൽ ആക്കിയത് ജഡായുവിന് വേണ്ടി 24 അടി വലിപ്പമുള്ള മോഡൽ നിർമ്മിച്ചു. 4500 ആഭരണങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 18 മാസമാണ് ഇവനിർമ്മിക്കുവാൻ എടുത്തത്. നിരവധി പഠനങ്ങൾ നടത്തിയശേഷമാണ് ആഭരണങ്ങളുടെ ഡിസൈൺ രൂപപ്പെടുത്തിയിരിക്കുന്നത്.
മുബൈലിലെ ഫിലിം സിറ്റിയിൽ മാത്രം 150 സെറ്റുകൾ ഒരുക്കി, തറമുതൽ അലങ്കാര ജോലികൾ വരെ സംവിധായകൻ നേരിട്ട് പരിശോധിച്ചാണ് നടത്തിയത്. പുരാണകൊട്ടാരങ്ങളും വനങ്ങളും സെറ്റിട്ടെങ്കിലും അതിലെ ഡി.എഫ്.എക്സ് രംഗങ്ങളും മറ്റും വളരെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ സ്പെഷ്യൽ എഫക്ട് എന്ന് ലിസ്റ്റ് കണ്ട് പലരും ഞെട്ടി. ബാബൻ അദഗാലെ, രമേഷ് അൻധാലെ എന്നിവരുടെ നേതൃത്വത്തിൽ വലിയൊരു ആർട്ട് ആന്റ് പ്രൊഡക്ഷൻ ടീമാണ് പ്രവർത്തിച്ചിരിക്കുന്നത്.
സായി പല്ലവി (സീത), യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ), അരുൺ ഗോവിൽ (ദശരഥൻ), ലാറ ദത്ത (കൈകേയി), ഇന്ദിര കൃഷ്ണൻ (കൗസല്യ), സോണൽ ഝാ (സുമിത്ര), അദിനാഥ് കോത്താരെ (ഭരതൻ), നിതീഷ് ശർമ (ശത്രുഘ്നൻ), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), വിവേക് ഒബ്റോയ് (വിദ്യുജ്ജിഹ്വൻ), കുനാൽ കപൂർ (ഇന്ദ്രൻ), അനുപം ഖേർ (ജടായു – ശബ്ദം), ഫൈസൽ മാലിക് (കുംഭകർണൻ), ഷീബ ചദ്ദ (മന്ത്ര), ശോഭന (കൈകസി), ഹരീഷ് ഉത്തമൻ (വിഭീഷണൻ), സൗരഭ് സച്ച്ദേവ (മാരീചൻ), മുകേഷ് തിവാരി (അഗസ്ത്യൻ), അജിങ്ക്യ ദിയോ (വിശ്വാമിത്രൻ), ചേതൻ ഹൻസരാജ് (സുമാലി), കുനാൽ കപൂർ (ഇന്ദ്രദേവൻ). എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
രാമായണത്തിന്റെ പ്രൗഢി ഉൾക്കൊള്ളുന്ന അയോധ്യയും മറ്റ് രാജ്യങ്ങളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് നവീനമായ അനുഭവം നൽകിയതിൽ പ്രൊഡക്ഷൻ ഡിസൈൻ വിഭാഗം പ്രത്യേക പരാമർശം അർഹിക്കുന്നു. സംസ്കാരവും പുരാണവും മികച്ച സാങ്കേതികവിദ്യയും സമന്വയിപ്പിച്ച ഈ ചിത്രം വലിയ സ്ക്രീനിൽ തന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.