
തലശ്ശേരി: സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കവര്‍ച്ചാ മുതലുകളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ തലശ്ശേരിയില്‍ പിടിയിലായി. നേപ്പാള്‍ ധര്‍മ്മപുരി പ്യൂതനിലെ കെ.സി. ഗോപാല്‍ (22), ആസാം ലക്കിംപൂര്‍ ജില്ല ബോഗല്‍പുരി അലിമുര്‍ ബസാറിനടുത്തെ ബച്ചാഗോണിലെ ഡി. ബോജിത്ത് (24) എന്നിവരാണ് തലശ്ശേരി നാരങ്ങാപ്പുറത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന തലശ്ശേരി എസ്‌ഐ നീതു തച്ചങ്കരിയുടെ പിടിയിലായത്.
എസ്‌ഐയും പാര്‍ട്ടിയും സഞ്ചരിച്ച പോലീസ് വാഹനം കണ്ടതോടെ മുന്നോട്ട് പോവുകയായിരുന്ന ഇരുവരും പിന്‍തിരിഞ്ഞ് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്‌ഐയും പാര്‍ട്ടിയും. പിറകെ ചെന്ന് ഇരുവരെയും തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഷോള്‍ഡര്‍ ബാഗിലാക്കി ഒളിപ്പിച്ച മാല, വള, മോതിരം, കമ്മല്‍, ലോക്കറ്റ്, ബ്രേസ്ലേറ്റ് ഉള്‍പ്പെടെ 110 ഗ്രാം സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തി പത്തായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകളും 20 കനേഡിയന്‍ ഡോളറും വില കൂടിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കണ്ടെത്തിയത്. ഇരുവരെയും വൈദ്യപരിശോധനക്കുവിധേയമാക്കിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തു. ബിഎന്‍എസ് വകുപ്പിലെ 331(4), 334(1), 305 റഡ്‌വിത്ത് 315 ചുമത്തിയാണ് കേസെടുത്തത്.