• Thu. Nov 26th, 2026

24×7 Live News

Apdin News

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ശത്രുത, അതാണ് അവരുടെ കരിയർ നീട്ടിയത്: ഇതിഹാസ പരിശീലകൻ

Byadmin

Nov 26, 2026


മാഡ്രിഡ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ആരോഗ്യകരമായ മത്സരബുദ്ധിയാണ് ഇരുവർക്കും ഇത്രയും ദീർഘവും പ്രതാപപൂർണ്ണവുമായ കരിയർ സമ്മാനിച്ചതെന്ന് പ്രമുഖ പരിശീലകൻ പെപ് ഗാർഡിയോള. ഇരുവരും പരസ്പരം ഇല്ലായിരുന്നെങ്കിൽ ഇത്രയധികം കാലം ഫുട്ബോൾ ലോകത്ത് ആധിപത്യം പുലർത്താൻ അവർക്ക് സാധിക്കുമായിരുന്നില്ലെന്നും ഗാർഡിയോള അഭിപ്രായപ്പെട്ടു. ബ്രസീലിയൻ ഇതിഹാസം റൊമാരിയോയുടെ യൂട്യൂബ് ചാനലായ ‘റൊമാരിയോ ടിവി’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗാർഡിയോള മനസ്സ് തുറന്നത്.

ഒരു ദശാബ്ദത്തിലേറെക്കാലം ലോക ഫുട്ബോളിനെ അടക്കിഭരിച്ച മെസ്സിയും റൊണാൾഡോയും ചേർന്ന് 13 ബാലൺ ഡി ഓർ പുരസ്കാരങ്ങളാണ് (മെസ്സി 8, റൊണാൾഡോ 5) സ്വന്തമാക്കിയത്. ഗാർഡിയോള ബാഴ്‌സലോണയെ പരിശീലിപ്പിച്ചിരുന്ന കാലത്തായിരുന്നു എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ഇരുവരുടെയും നേർക്കുനേർ പോരാട്ടം ഏറ്റവും മൂർച്ഛയിലായിരുന്നത്.

“റിയർവ്യൂ മിററിലൂടെ അവർ പരസ്പരം നിരീക്ഷിച്ചു”

“മെസ്സിക്ക് ക്രിസ്റ്റ്യാനോയും, ക്രിസ്റ്റ്യാനോയ്ക്ക് മെസ്സിയും ഇല്ലായിരുന്നെങ്കിൽ അവരുടെ കരിയർ ഇത്രത്തോളം നീളുമായിരുന്നില്ല. ഇരുവരും പരസ്പരം വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. തങ്ങളുടെ ‘റിയർവ്യൂ മിററുകളിലൂടെ’ മറ്റേയാൾ എന്ത് ചെയ്യുന്നുവെന്ന് അവർ എപ്പോഴും നിരീക്ഷിച്ചിരുന്നു. ‘എനിക്ക് അവനെക്കാൾ മികച്ചവനാകണം, അവനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടണം’ എന്ന ചിന്തയാണ് ഇരുവരെയും മുന്നോട്ട് നയിച്ചത്,” ഗാർഡിയോള പറഞ്ഞു.

റൊണാൾഡോ ഒരു ‘മത്സരബുദ്ധിയുള്ള മൃഗം’

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും 41-ാം വയസ്സിലും സൗദി ക്ലബ്ബ് അൽ നസ്‌റിനായി മിന്നും ഫോമിൽ തുടരുന്ന റൊണാൾഡോയെ ഗാർഡിയോള വാനോളം പുകഴ്ത്തി.

ചൊവ്വാഴ്ച എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ സദ്ദിനെതിരെ ഗോൾ നേടിയതോടെ റൊണാൾഡോ തന്റെ കരിയറിലെ 987-ാം ഗോളും പൂർത്തിയാക്കിയിരുന്നു.

“വിജയിക്കുക, സ്വയം തെളിയിക്കുക എന്നതിലുപരി മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്ത ഒരു ‘മത്സരബുദ്ധിയുള്ള മൃഗമാണ്’ റൊണാൾഡോ.

വലതുകാൽ കൊണ്ടും ഇടതുകാൽ കൊണ്ടും തല കൊണ്ടും ഒരുപോലെ ഗോൾ നേടാൻ കെൽപ്പുള്ള അസാധാരണ ഗോൾ സ്കോററാണ് അദ്ദേഹം,” ഗാർഡിയോള കൂട്ടിച്ചേർത്തു.

‘മെസ്സിയുടെ നിലവാരത്തിലേക്ക് ആരും എത്തില്ല’

ബാഴ്‌സലോണയിൽ നാല് സീസണുകളിലായി 14 കിരീടങ്ങൾ നേടാൻ തന്നെ സഹായിച്ചത് മെസ്സിയാണെന്ന് ഗാർഡിയോള തുറന്നുപറഞ്ഞു.

ബാഴ്‌സ വിട്ടതിന് ശേഷം ബയേൺ മ്യൂണിക്കിലും മാഞ്ചസ്റ്റർ സിറ്റിയിലും പരിശീലകനായിരുന്നപ്പോൾ മെസ്സിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, ഞാൻ ഒരിക്കലും അദ്ദേഹത്തെ സമീപിച്ചിട്ടില്ല.

ഞാൻ ഒരു കടുത്ത ബാഴ്‌സ ആരാധകനാണ്” എന്നായിരുന്നു ഗാർഡിയോളയുടെ മറുപടി.

മെസ്സിയെ ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാനോടാണ് ഗാർഡിയോള ഉപമിച്ചത്. “ഓരോ മൂന്ന് ദിവസത്തിലും മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നൽകാൻ കഴിവുള്ള മറ്റൊരു താരത്തെ ഞാൻ കണ്ടിട്ടില്ല.

പരിശീലന സെഷനുകളിൽ പോലും അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഉസൈൻ ബോൾട്ടിന്റെ റെക്കോർഡുകൾ പോലും ഒരുനാൾ തകർക്കപ്പെട്ടേക്കാം; എന്നാൽ 15-20 വർഷം തുടർച്ചയായി ഇത്രയും ഉയർന്ന നിലവാരത്തിൽ കളിക്കാൻ മറ്റൊരാൾക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,” ഗാർഡിയോള വ്യക്തമാക്കി.







By admin