ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്കെതിരെ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. മത്സരത്തിലെ താരവും സഞ്ജു തന്നെയാണ്.


ഇന്റർനാഷണൽ ടി-20യിൽ 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ ചെയ്യുന്ന വിക്കറ്റ് കീപ്പറായും സഞ്ജു മാറി. ഏഴാം തവണയാണ് സഞ്ജുവിന്റെ ഈ നേട്ടം. ആറ് തവണ ഈ നേട്ടം കൈവരിച്ച ഇംഗ്ലണ്ട് താരം ജോസ് ബട്ലറിനെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെൻ ഫിലിപ്സാണ്. 40 പന്തിൽ പുറത്താവാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.
ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.