• Sat. Jun 13th, 2026

24×7 Live News

Apdin News

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Byadmin

Jun 6, 2026


കൊച്ചി : വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നും സുരേഷ് കുമാറിന്റെ ‘ വിഎസ്സിനൊപ്പം എന്റെ ദിനങ്ങള്‍ ‘ എന്ന പുസ്തകത്തിൽ പറയുന്നു.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വി എസ് അച്യുതാനന്ദന് തുടര്‍ഭരണം ലഭിക്കാതെ പോയതെന്ന് മുന്‍പ് തന്നെ പല കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു . എന്നാൽ പിണറായി വിജയനാണിതിനു പിന്നിലെന്ന് വി എസ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും സുരേഷ് പറയുന്നു.

മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ മുടങ്ങിയതിനുള്ള കാരണവും ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്ന സുരേഷ് കുമാര്‍ പുസ്തകത്തിലൂടെ തുറന്നുപറയുന്നുണ്ട്.ദൗത്യം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്‌ട്രീയ തലത്തിലും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവെന്നാണ് ആരോപണം.അന്നത്തെ ദേവികുളം സബ് കളക്ടറും നിലവില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയുമായ രത്തന്‍ കേല്‍ക്കറിനെതിരായാണ് പ്രധാന ആരോപണം.

വി എസ് അച്യുതാനന്ദന്റെ കാലത്ത് ഫയല്‍ കടത്താന്‍ സിപിഐഎം തന്നെ മൂന്ന് പേര്‍ക്ക് ചുമതല നല്‍കിയിരുന്നുവെന്ന ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്. എകെജി സെന്റര്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒരു ഫയല്‍ നീക്കവും നടക്കാറില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന ഫയലുകള്‍ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാലും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ ചന്ദ്രശേഖര്‍ പണിക്കറും എകെജി സെന്ററിലേക്ക് കടത്തിയിരുന്നുവെന്നാണ് ആരോപണം.

സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് വിഎസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല.

ലോട്ടറിക്കാരുടെ കോടികളുടെ വിൽപന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ തന്റെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് ബോധപൂർവമായ വീഴ്ച വരുത്തിയെന്നു വിഎസ് തന്നോടു പറഞ്ഞിരുന്നതായി സുരേഷ്കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു



By admin