• Tue. Jun 16th, 2026

24×7 Live News

Apdin News

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

Byadmin

Jun 14, 2026



തീരക്കാലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മുക്കവര്‍ പണ്ട് കാലത്ത് സ്ഥിരമായി കണ്ടിരുന്ന ഒരു ദൃശ്യമുണ്ട്. വാലിളക്കി വെള്ളത്തില്‍ മറയുന്ന രൂപം. സന്ധ്യാ സമയത്തെ ഏകാന്തതയില്‍ ആ ദൃശ്യം അവരെ ഏറെ മോഹിപ്പിച്ചു. അതൊരു മത്സ്യകന്യകയാണെന്ന് അവര്‍ വിശ്വസിച്ചു. അങ്ങനെയാണ്. മലയിലെ മത്സ്യബന്ധന തൊഴിലാളികള്‍ ആ രൂപത്തെ ‘ഡുയങ്’ എന്ന് വിളിച്ചത്. ‘കടലിലെ കന്യക’ എന്ന് തര്‍ജമ. ആ വാക്ക് ഇംഗ്ലീഷിലെത്തിയപ്പോള്‍ ‘ഡുഗോങ്ങ്’ ആയി മാറി. മയാളത്തില്‍ സാക്ഷാല്‍ കടല്‍പശുവും.

കരയിലെ പശുക്കള്‍ പറമ്പില്‍ പുല്ലു മേയുന്നതുപോലെ കടലിലെ പശുക്കളും പുല്ലുതിന്നാണ് ജീവിക്കുന്നത്. കടല്‍ത്തട്ടില്‍ പടര്‍ന്നുകിടക്കുന്ന കടല്‍പ്പുല്ലുകളാണ് അവയുടെ ആഹാരം. പക്ഷേ കടല്‍പ്പുല്ലുകളുടെ ലഭ്യത അനുദിനം കുറഞ്ഞുവരികയാണ്. പ്രധാന കാരണം മലിനീകരണവും കാലാവസ്ഥാ മാറ്റവും. ഞെക്കിക്കൊല്ലുന്ന മീന്‍ വലകളും ശ്വാസംമുട്ടിക്കുന്ന വിഷമാലിന്യങ്ങളുമൊക്കെ ചേര്‍ന്ന് കടല്‍പശുവിന്റെ വംശത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ലോക പ്രകൃതി സംരക്ഷണ സംഘഠനയായ ഐയുസിഎന്‍ ഡുഗോങ്ങിനെ വംശനാശ സാധ്യത അഭിമുഖീകരിക്കുന്ന ജീവിയായി പ്രഖ്യാപിച്ചത്.

പശുവിനെ പോലെ ശാന്തസ്വഭാവിയാണ് ഡുഗോങ്ങ്. ആരെയും ആക്രമിക്കാറില്ല. ഒറ്റപ്പെട്ട ജീവിതമാണിഷ്ടം. ഒറ്റയ്‌ക്ക്, അല്ലെങ്കില്‍ അമ്മയും കുഞ്ഞും ചേര്‍ന്ന് അവ സഞ്ചരിക്കുന്നു. ഡുഗോങ് ഡുഗോണ്‍ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്തനികള്‍ക്ക് ശരാശരി 300 കിലോഗ്രാം ഭാരമുണ്ടാകും. ഏതാണ്ട് മൂന്ന് മീറ്റര്‍വരെ നീളവും. ആസ്ട്രേലിയ, മൊസാംബിക്, തായ്ലന്റ്, ശ്രീലങ്ക, ഇന്‍ഡോനേഷ്യ, ഫിലിപ്പിന്‍സ് തുടങ്ങഇ ഇന്ത്യന്‍ മഹാസമുദ്ര-പസഫിക് മേഖലകളിലാണ് ഡുഗോങ്ങുകളെ സുലഭമായി കാണുക. ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനോട് അനുബന്ധിച്ചുള്ള മറൈന്‍ പാര്‍ക്ക് കടല്‍പശുക്കളുടെ ഏറ്റവും വലിയ സംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു. ഏതാണ്ട് മൂന്നര ലക്ഷത്തില്‍ പരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ മറൈന്‍ പാര്‍ക്കില്‍ ചുരുങ്ങിയത് 14000 ഡുഗോങ്ങുകളെങ്കിലും ഉണ്ടാവുമെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിലെ പാക് കടലിടുക്കിലും ഗള്‍ഫ് ഓഫ് മന്നാറിലും ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമുദ്രത്തിലും കടല്‍പശുക്കള്‍ ധാരാളമായി കാണപ്പെടുന്നു. അതുകൊണ്ടാണ് ഭാരതത്തിലെ ആദ്യത്തെ കടല്‍പശു സംരക്ഷണകേന്ദ്രം തമിഴ്നാട്ടില്‍ ആരംഭിച്ചത്. പാക് കടലിടുക്കിലെ 450 ഓളം ചതുരശ്രമീറ്റര്‍ കടല്‍ മേഖല ഉള്‍പ്പെടുത്തി 2022 ലാണ് തമിഴ്നാട് സര്‍ക്കാര്‍ ഈ സംരക്ഷിതോദ്യാനത്തിന് തുടക്കം കുറിച്ചത്. തഞ്ചാവൂര്‍-പുതുക്കോട്ടൈ ജില്ലകളുടെ തീരപ്രദേശമാണിത്. ഇവിടെ 12250 ഹെക്ടര്‍ കടല്‍ത്തട്ടില്‍ കടല്‍പ്പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്നതായി കണക്ക് കൂട്ടുന്നു. പക്ഷേ വിവിധ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന കല്‍പ്പുല്ലുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാത്തപക്ഷം ഡുഗോങ്ങുകള്‍ പട്ടിണിയിലാവും. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നായി കടല്‍പ്പുല്ലു വളര്‍ത്തല്‍ ഏറ്റെടുത്തിരിക്കുന്നു.

പുല്ല് നട്ടുവളര്‍ത്തുക അത്ര എളുപ്പം സാധിക്കുന്ന ഒരു കാര്യമല്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യകരമായ കടല്‍ പുല്‍മേടുകള്‍ കണ്ടെത്തി, അവിടെനിന്നും വേരോടുകൂടിയ ചെറുതണ്ടുകള്‍ ശേഖരിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് സര്‍വേയും സോണാര്‍ സാങ്കേതികവിദ്യയും സ്‌കൂബാ നീന്തല്‍ക്കാരുടെ സഹകരണവും തേടുന്നു. അങ്ങിനെയാണ് പുല്ലു വളര്‍ത്താന്‍ യോജിച്ച കടല്‍ത്തറകള്‍ കണ്ടെത്തുക. അതിന് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണവും ഉണ്ടാവും. പരിസ്ഥിതി സൗഹൃദ പദാര്‍ത്ഥങ്ങളായ മുളംതണ്ടും ചകിരി കയറുകളും കൊണ്ട് നിര്‍മ്മിച്ചെടുത്ത വലിയ ചട്ടക്കൂടുകളില്‍ ഉറപ്പിക്കുന്ന കടല്‍പുല്ലിന്റെ നടീല്‍ വസ്തുക്കളെ കടലാഴങ്ങളില്‍ എത്തിക്കുകയാണ് അടുത്ത പടി. ചട്ടക്കൂടുകള്‍ ദ്രവിച്ചുപോകുമ്പോഴേക്കും പുല്ലുകള്‍ വേര് പിടിച്ചിരിക്കും. ചില കടല്‍ത്തട്ടുകളില്‍ നട്ടുപിടിപ്പിച്ച പുല്ലുകളില്‍ 70 ശതമാനവും വേരുപിടിച്ച് ആരോഗ്യത്തോടെ വളരുന്നതായി ഗവേഷകര്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ വലയിടുന്നത് നിയന്ത്രിച്ചിരിക്കുന്നു. കടല്‍പ്പുല്ലുകള്‍ വലിയതോതില്‍ കാര്‍ബണ്‍ സംഭരിക്കുന്നതിലൂടെ കാലാവസ്ഥാ നിയന്ത്രണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. നിരവധി ഇനം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളര്‍ന്നു വലുതാവാനുള്ള താവളവുമാണിത്. തിരമാലകളുടെ ആഘാതം കുറയ്‌ക്കുന്നതിനും കടല്‍ത്തീരത്തെ മണ്ണൊലിപ്പ് തടയുന്നതിനും കടല്‍പ്പുല്ലുകള്‍ സഹായിക്കുന്നു. ഡുഗോങ്ങുകളുടെ ഈ മേച്ചില്‍പ്പുറങ്ങളെ കടല്‍ പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകങ്ങളായിപ്പോലും കണക്കാക്കിവരുന്നു. കടല്‍ ജൈവ വൈവിധ്യത്തിന്റെ പ്രതീകങ്ങളായ കടല്‍പശുക്കളുടെ നിലനില്‍പ്പ് പൂര്‍ണമായും കടല്‍പ്പുല്ലുകളെ ആശ്രയിച്ചാണിരിക്കുന്നത്.

കടല്‍പ്പുല്ലുകളുടെ ദൗര്‍ലഭ്യത്തിനു പുറമെ മറ്റനേകം വെല്ലുവിളികളെയും ഡുഗോങ്ങുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഗില്‍നെറ്റ് പോലെയുള്ള ‘കൊലയാളി മീന്‍വല’കളില്‍ കുരുങ്ങിയാല്‍ അവ ശ്വാസമുട്ടി പിടഞ്ഞു മരിച്ചതുതന്നെ. കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മറ്റൊരു പ്രശ്നം. ഡുഗോങ്ങുകളുടെ ശരീരത്തില്‍ മെര്‍ക്കുറി (രസം), കറുത്തീയം തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ട്രോളിങ്, തുറമുഖങ്ങളുടെ വികസനം, ഡ്രഡ്ജിങ് തുടങ്ങിയവ ഈ ജീവിയെയും അതിന്റെ ഭക്ഷണമായ കടല്‍പ്പുല്ലിനെയും നശിപ്പിക്കുന്നു. കടലോരത്ത് അതിവേഗം ചീറിപ്പായുന്ന ബോട്ടുകളും ഡുഗോങ്ങിന്റെ ശത്രുതന്നെ.

തമിഴ്നാട്ടിലെ സംരക്ഷണ കേന്ദ്രത്തില്‍ ഡുഗോങ്ങുകളുടെ സംരക്ഷണത്തിന് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു. അതില്‍ ഏറ്റവും വലിയ പങ്കാളികള്‍ മത്സ്യത്തൊഴിലാളികളാണ്. പരിശീലനവും രക്ഷാദൗത്യ പരിശീലനവും ഗവേഷണവും മലിനീകരണ നിയന്ത്രണവുമൊക്കെ ഡുഗോങ്ങ് സംരക്ഷണത്തിന്റെ ഭാഗമാണവിടെ. ട്രോളിങ് നിയന്ത്രണവും അപകടകാരികളായ വലകള്‍ക്കുള്ള വിലക്കും ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വേഗപ്പൂട്ടും ഒക്കെ ഈ സംരക്ഷണ മേഖലക്ക് ആരോഗ്യം പകരുന്നു. ഡുഗോങ്ങുകളുടെ എണ്ണത്തിലുണ്ടാവുന്ന നേരിയ വര്‍ധന പോലും ഇത്തരം തീവ്രശ്രമങ്ങളുടെ വിജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തമിഴ്നാട് തീരത്ത് അടുത്തയിടെ നടന്ന ഒരു സര്‍വേയില്‍ ഏതാണ്ട് 270 കടല്‍പശുക്കളുടെ സാന്നിധ്യം കണ്ടെത്തിയതും നമുക്ക് ഇതിനോട് കൂട്ടിവായിക്കാം.

By admin