• Sun. Nov 22nd, 2026

24×7 Live News

Apdin News

ഷെയ്ഖ് അബ്ദുള്ളയ്‌ക്ക് എറണാകുളത്ത് കരിങ്കൊടി

Byadmin

Nov 22, 2026



ഷെയ്ഖ് അബ്ദുള്ളയുടെ പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പഴയ ജമ്മു-കാശ്മീർ ‘പ്രധാനമന്ത്രി.’ മുൻ ജമ്മു-കാശ്മീർ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയുടെ പിതാവ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മുത്തച്ഛൻ. അങ്ങനെയുള്ള ഷെയ്ഖ് അബ്ദുള്ളക്ക് എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു, 1975 ഫെബ്രുവരി 21ന്, എറണാകുളത്ത്. അതിന് മുൻപ് ഈ ‘മഹാൻ’ ആരെന്നു കൂടി വിശദീകരിക്കണമല്ലോ.
ഷെയ്ഖ് അബ്ദുള്ള ആദ്യമായി ജമ്മു-കാശ്മീർ പ്രധാനമന്ത്രി ആയതു 1948 മാർച്ച 8ന്. അതിന് മുൻപ് 1947 ഒക്ടോബർ 30ന് ഇടക്കാല പ്രധാനമന്ത്രി ആയിട്ടുണ്ട്. 1953 ഓഗസ്റ്റ് 8ന് അന്നത്തെ ജമ്മു-കാശ്മീർ സംസ്ഥാന സദർ-ഇ-റിയാസത് ഡോ. കരൺ സിങ് (ഭരണഘടനപരമായി സംസ്ഥാനത്തിന്റെ തലവൻ) ഷേയ്ഖിനെ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ പിന്തുണ നഷ്ട്ടപ്പെട്ടു എന്നതായിരുന്നു കാരണം. പകരം ബക്ഷി ഗുലാം മുഹമ്മദ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശങ്ങളെക്കുറിച്ചും ആർട്ടിക്കിൾ 370 നെക്കുറിച്ചും ഷെയ്ഖ് അബ്ദുള്ളയുടെ നിലപാടുകളും, സ്വതന്ത്ര കശ്മീരിനെക്കുറിച്ചുള്ള പരസ്യ പ്രസ്താവനകളും കേന്ദ്ര സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നു എന്നതായിരുന്നു പുറത്താക്കലിനു പിന്നിലെ യഥാർഥ കാരണമെന്ന് കരുതപ്പെടുന്നു. അന്ന് രാത്രി തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കി. പിന്നീട് കാശ്മീർ ഗൂഢാലോചന കേസ് നേരിടേണ്ടി വരുകയും ചെയ്തു. ആർട്ടിക്കിൾ 370, സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം, ഭാരതവുമായുള്ള സമ്പൂർണ്ണ ലയനം എന്നിവയുടെ പേരിൽ ആ കാലത്തു കേന്ദ്രവുമായി ഷെയ്ഖിന് ഉരസ്സലുകൾ ഉണ്ടായിരുന്നു.
പിന്നീട് 1973-75 കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ഷെയ്ഖും തമ്മിൽ പ്രതിനിധികളിലൂടെ ചർച്ച നടന്നു, കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചത് ജി. പാർത്ഥസാരഥിയും ഷെയ്ഖിനെ പ്രതിനിധീകരിച്ചത് മിർസ അഫ്സൽ ബേഗും ആയിരുന്നു. അവസാനം 1975 ഫെബ്രുവരി 24 നു ഇരു പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. അത് പ്രകാരം ഷെയ്ഖ് അബ്ദുള്ള ഫെബ്രുവരി 25ന് കാശ്മീർ മുഖ്യമന്ത്രിയായി. അപ്പോഴേക്കും ‘പ്രധാനമന്ത്രി’എന്ന പദം ‘മുഖ്യമന്ത്രി’ക്കു വഴി മാറിയിരുന്നു.
ഷെയ്ഖിന് ലഭിക്കാൻ പോകുന്ന പുതിയ സ്ഥാനലബ്ധിയിൽ ആഹ്ലാദിക്കുന്ന പലരും കേരളത്തിലും ഉണ്ടായിരുന്നു. അങ്ങനെയുള്ള ചിലർ ചേർന്ന് ഷെയ്‌ക്കിന് കരാർ ഒപ്പിടുന്നതിനു മുൻപ് തന്നെ കേരളത്തിൽ സ്വീകരണങ്ങൾ ഒരുക്കി. ആദ്യത്തെ സ്വീകരണം കോഴിക്കോടായിരുന്നു. ഫെബ്രുവരി 18ന് എന്ന് തോന്നുന്നു, സംഘാടകർ ആരായിരുന്നു എന്ന് ഓർമ്മയില്ല. അവിടെ ഷെയ്‌ക്കിനെതിരെ എബിവിപി പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി. അന്നത്തെ സംസ്ഥാന സംഘടനാ കാര്യദർശി കെ.ജി. വേണുഗോപപാലായിരുന്നു അതിനു നേതൃത്വം നൽകിയത്. ഷെയ്‌ക്കിന്റെ അടുത്ത വരവ് എറണാകുളത്തേക്ക്. ഇവിടെയും കരിങ്കൊടി പ്രകടനം നടത്തണമെന്ന പരിപാടിയുമായി കെ.ജി. വേണുഗോപാൽ എറണാകുളത്തെത്തി. ഒരു ലഖുലേഖ തയ്യാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം നിർദ്ദേശം മുന്നോട്ടു വെച്ചു. ചരിത്രപരമായ കാര്യങ്ങൾ ഉള്ളടക്കമായി വേണമല്ലോ. പരമേശ്വർജിയെ കാണാൻ തീരുമായി. ഭാഗ്യത്തിന് അദ്ദേഹം എറണാകുളത്ത് എം.ജി. റോഡിലുള്ള ജനസംഘം സംസ്ഥാന ഓഫിസിലുണ്ടെനന്ന് വേണുവേട്ടൻ പറഞ്ഞു. അദ്ദേഹം അന്ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്.
ഞങ്ങൾ രണ്ടു പേരും ജനസംഘം ഓഫിസിലേക്കു ചെന്നു. വേണുവേട്ടൻ കാര്യം പറഞ്ഞു. ‘ഞാൻ പറയാം, എഴുതിയെടുക്കാമോ’ എന്ന് പരമേശ്വർജി. സതീശൻ എഴുതുമെന്ന് വേണുവേട്ടൻ പറഞ്ഞു. ഡിക്റ്റേഷൻ ഇഗ്ളീഷിൽ. ‘ക െശ േിീ േമ ളമര േവേമ’േ എന്ന് ഒരു കോമൺ ഹെഡിങ്. താഴെ ഇരുപതു ചോദ്യങ്ങൾ. എല്ലാം തന്നെ ഷെയ്ഖിന്റെ രാജ്യതാൽപ്പര്യവിരുധമായ പ്രവൃത്തികളുടെ ഒരു പട്ടിക, ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയിൽ മരണം ഉൾപ്പെടെ. അന്നത്തെ സംസ്ഥാന ഓഫീസ് സെക്രെട്ടറി ഏറ്റുമാനൂർ രാധാകൃഷ്ണൻ ചേട്ടൻ അത് ടൈപ്പ് ചെയ്തു തന്നു. ടൈപ്ഡ് ഡ്രാഫ്റ്റുമായി ടി.ഡി. റോഡിലെ ‘രാഷ്‌ട്രവാർത്ത’ പ്രസ്സിലേക്ക്. കെ.ജി. വാധ്യാർജിയുടെയും ശിവാനന്ദ്ജിയുടേയും ദയാവായ്‌പ്പിൽ അന്ന് രാത്രി തന്നെ പ്രിന്റ് ചെയ്ത് വെക്കാമെന്നു സമ്മതിച്ചു. അന്ന് തീയതി ഫെബ്രുവരി 19. ഫെബ്രുവരി 21നാണു കരിങ്കൊടി.
അടുത്ത കർമ്മം സിറ്റിയിലെ കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ സംഘടിപ്പിക്കുക എന്നതായിരുന്നു. പിറ്റേന്ന് തന്നെ കോളേജുകളിൽ പ്രവർത്തനം ആവേശകരമായി നടന്നു. അങ്ങനെ ഫെബ്രുവരി 20 വന്നെത്തി. ഷെയ്ഖ് 20ന് എറണാകുളത്തു വന്ന് രാത്രി ബോൾഗാട്ടി പാലസിൽ താമസിക്കുമെന്നും പിറ്റേന്നു രാവിലെ രാവിലെ ബോട്ടിൽ മറൈൻ ഡ്രൈവിൽ എത്തി എറണാകുളം പ്രസ് ക്ലബ്ബിൽ രാവിലെ 9.30ന് പത്രസമ്മേളനം നടത്തും എന്നുമായിരുന്നു വിവരം. പ്രസ് ക്ലബ്ബിന് മുന്നിൽ കരിങ്കൊടി പ്രകടനം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എബിവിപി പ്രവർത്തകർ രാവിലെ 9 മണിക്ക്തന്നെ പ്രസ് ക്ലബ്ബിന് മുന്നിൽ എത്തി. 9.30 കഴിഞ്ഞിട്ടും ഷെയ്ഖിന്റെ പൊടി പോലുമില്ല! ഞങ്ങൾ കൺഫ്യൂഷനിലായി.
അപ്പോൾ വരുന്നു ഒരു സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ. മഫ്ടിയിൽ ആയതിനാൽ ഞങ്ങൾക്ക് പിടികിട്ടിയില്ല. ഇനി അദ്ദേഹത്തിന്റെ ഡയലോഗ്: ‘പിള്ളേരെ, നിങ്ങൾ കരിങ്കൊടി കാണിക്കാൻ വന്നതല്ലേ? പരിപാടി ഞങ്ങൾ ഇന്നലെത്തന്നെ റിപ്പോർട് ചെയ്തിരുന്നു. അതുകൊണ്ടു ഷെയ്‌ക്കിനെ രാജേന്ദ്രമൈതാനത്തെ ഹുസൂർ ജെട്ടി വഴി കൊണ്ടുവന്നു ഹോട്ടൽ സീക്വീനിലേക്കു കൊണ്ടുപോയി. പത്രസമ്മേളനം അവിടെയാണ്. കരിങ്കൊടി കാണിക്കണമെങ്കിൽ അവിടെ പോകണം’. ഞങ്ങൾ അങ്ങോട്ട് നടന്നു. ഹോട്ടലിൽ നിന്ന് എം.ജി. റോഡിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ റോഡിന്റെ അറ്റത്തു നിലയുറപ്പിച്ചു. ആ പത്ര സമ്മേളനം സംഘടിപ്പിച്ചത് എം.ഇ.എസ് . ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു.
ഞങ്ങൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. അതിനിടെ സംഘാടകർ ‘ഷെയ്ഖ് അബ്ദുള്ള സിന്ദാബാദ്’ എന്ന് വിളിച്ചു കൊണ്ട് ഞങ്ങളുടെ നേരെ വന്നു. ഞങ്ങൾ അവർക്കും ലഖുലേഖ കൊടുത്തു. പെട്ടെന്ന് കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. അതിലൊരാൾ വേണുവേട്ടനെ പിടിച്ചു തള്ളാൻ ശ്രമിച്ചു. ഞങ്ങളിലൊരാൾ കൊടികെട്ടിയ വടിയുപയോഗിച്ചു അയാളെ തള്ളി മാറ്റി. ഓടിയെത്തിയ സർക്കിൾ ഇൻസ്‌പെക്ടർ ആ ‘സംഘാടകനെ’ പിടിച്ചു തള്ളി. പിന്നാലെ വരുന്നു ഷെയ് ഖിന്റെ കാർ. ആ കാലത്തു ഇന്നത്തെ പോലെ സെക്ക്യൂരിറ്റി കര്ശനമല്ലാത്തതിനാലും എസി കാർ ഇല്ലാത്തതിനാലും കാറിന്റെ ഗ്ലാസ് തുറന്നു കിടന്നു. ഞങ്ങളിൽ ഒരാൾ കറുത്ത തുണിയിൽ പൊതിഞ്ഞ ഒരു ലഖുലേഖ ഷെയ്ഖിന്റെ നേരെ എറിഞ്ഞു കൊടുത്തു. അത് നോക്കിയ ഷെയ്ഖ് ഞങ്ങളെ നോക്കി ചിരിച്ചു. അത് വരെ കണ്ട ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തനായ രൂപമായിരുന്നു ഷെയ്ഖിന്. തൊപ്പിയില്ല, മീശയില്ല.
മുദ്രാവാക്യം വിളി തുടർന്നു. പോലീസിന്റെ നടപടി സംഘാടകരെ അമ്പരപ്പിച്ചു. അവർ ആഗ്രഹിച്ചത് ഞങ്ങൾക്ക് നേരെ ഒരു പോലീസ് നടപടി ആയിരുന്നു. ഇതിനിടെ ഷെയ്ഖിന്റെ കാർ എയർപ്പോർട്ടിലേക്ക് പോയി. ഞങ്ങൾ നഗരം ചുറ്റി പ്രകടനം നടത്തി.
സംഘാടകനെ തള്ളി മാറ്റിയ സർക്കിൾ ഇൻസ്പെക്ടറെ അന്ന് ഉച്ചക്ക് തന്നെ സ്ഥലം മാറ്റി. അച്യുത മേനോൻ സർക്കാരിൽ മുസ്ലിം ലീഗിനുണ്ടായിരുന്ന സ്വാധീനശക്തി!
പ്രവർത്തകർക്ക് ആവേശം നൽകിയ പരിപാടി ആയിരുന്നു ആ കരിങ്കൊടി പ്രകടനം. പിന്നീട് കണ്ടപ്പോൾ പരമേശ്വർജി അതീവ സന്തോഷം പ്രകടിപ്പിച്ചു.

By admin