• Thu. Nov 12th, 2026

24×7 Live News

Apdin News

സമരപ്പന്തല്‍ പൊളിച്ചുനീക്കിയാല്‍ യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിക്കില്ല: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Byadmin

Nov 12, 2026



തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം രാഷ്‌ട്രീയ വിഷയമല്ലെന്നും യുവാക്കളുടെ അവകാശത്തിനും ഭാവിക്കും വേണ്ടിയുള്ള നീതിയുടെ പോരാട്ടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കുവേണ്ടി സമരം ചെയ്യുന്ന എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരപ്പന്തല്‍ പൊലീസ് ബലപ്രയോഗത്തിലൂടെ പൊളിച്ചുനീക്കിയ നടപടി ജനാധിപത്യവിരുദ്ധമാണ്. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതുകൊണ്ട് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്നും നിരാഹാര സമരം പുനരാരംഭിച്ച വളര്‍മതിയെ സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ച ശേഷം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കേരളത്തെ കരകയറ്റുമെന്നും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും പുതിയ നിക്ഷേപങ്ങളും ഉറപ്പാക്കുമെന്നും പ്രതീക്ഷിച്ചാണ് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ ആറുമാസം പിന്നിടുമ്പോഴും വിവാദങ്ങളിലും രാഷ്‌ട്രീയ പോരുകളിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുവാക്കളുടെ തൊഴില്‍പ്രതീക്ഷകള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും നിരാഹാരമിരിക്കുന്ന വളര്‍മതി ടീച്ചറെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്. അറസ്റ്റ് ചെയ്തിട്ടും സമരം അവസാനിപ്പിക്കാതെ ഇന്ന് രാവിലെ വീണ്ടും സമരപ്പന്തലിലെത്തി പ്രതിഷേധം തുടരുന്ന വളര്‍മതി ടീച്ചറുടെ പോരാട്ടവീര്യം സര്‍ക്കാര്‍ തിരിച്ചറിയണം. സമരക്കാരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയല്ല, അവരുടെ ആവശ്യങ്ങള്‍ കേട്ട് നീതി ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം.

കേരളത്തിലെ പി എസ് സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി പ്രതിനിധിസംഘം രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെയും ഗവര്‍ണറെയും നേരില്‍ക്കണ്ട് വിഷയം ധരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

വി ഡി സതീശന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം. യുവാക്കളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ബിജെപി എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍മാര്‍ക്കൊപ്പമുണ്ടാകും. നീതി ലഭിക്കുന്നതുവരെ അവരുടെ ശബ്ദമായി ബിജെപി നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

 

By admin