
ന്യൂദല്‍ഹി: കര്‍ഷകരെ ഭാരതത്തിന്റെ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ സംരക്ഷകരും നവീകരണം കൊണ്ടു വരുന്നവരുമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര.കര്‍ഷകരുടെ പരമ്പരാഗത അറിവ് ശാസ്ത്രീയ ഗവേഷണ, വിത്ത് സംവിധാനങ്ങളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന സസ്യ വൈവിധ്യ സംരക്ഷണ, കര്‍ഷക അവകാശ അതോറിറ്റിയുടെ (പിപിവിഎഫ്ആര്‍എ) 22-ാമത് സ്ഥാപക ദിനത്തിലും പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് ദാന ചടങ്ങിലും പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാലാവസ്ഥാ വ്യതിയാനം, ജല സമ്മര്‍ദ്ദം, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന വിളകള്‍ വികസിപ്പിക്കുന്നതിന് ഭാരതത്തിന്റെ സമ്പന്നമായ കാര്‍ഷിക ജൈവവൈവിധ്യം നിര്‍ണായകമാണെന്ന് ഡോ മിശ്ര പറഞ്ഞു. ഭാരതത്തിന്റെ കാര്‍ഷിക പരിവര്‍ത്തനത്തില്‍ പങ്കാളികളായി മാത്രമല്ല, അതിന് സംഭാവന നല്‍കുന്നവരായും ഗുണഭോക്താക്കളായും കര്‍ഷകരെ അംഗീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ കാര്‍ഷിക ഗവേഷണ സംവിധാനത്തിന് കീഴില്‍ മൂവായിരത്തോളം കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വിള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. പരമ്പരാഗത അറിവിനെ ആധുനിക ശാസ്ത്ര ഗവേഷണവുമായി ബന്ധിപ്പിച്ച് , കമ്മ്യൂണിറ്റി സീഡ് ബാങ്കുകളും ഫീല്‍ഡ് ജീന്‍ ബാങ്കുകളും ശക്തിപ്പെടുത്തണം.ജനിതക വിഭവങ്ങള്‍ സംരക്ഷിക്കുന്ന സമൂഹങ്ങള്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതില്‍ ആനുകൂല്യങ്ങള്‍ പങ്കിടുന്നതിനുള്ള വ്യവസ്ഥകളുടെയും ദേശീയ ജീന്‍ ഫണ്ടിന്റെയും പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.