• Thu. Nov 12th, 2026

24×7 Live News

Apdin News

“അതൊക്കെ ചോദിച്ചാൽ എന്ത് പറയാൻ?” അഹങ്കാര ആരോപണങ്ങളിൽ മറുപടിയുമായി യുവതാരം നസ്‌ലെൻ!

Byadmin

Nov 12, 2026


സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും ചുട്ടമറുപടിയുമായി യുവതാരം നസ്‌ലെൻ. തനിക്കെതിരെ ഉയരുന്ന ‘അഹങ്കാരി’യെന്ന ആക്ഷേപങ്ങളോടും ‘പ്രേമലു 2’ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളോടുമാണ് താരം പ്രതികരിച്ചത്.

ജിത്തു മാധവൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘സീൻ’ സിനിമയുടെ സക്സസ് മീറ്റിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംവിധായകൻ ജിത്തു മാധവനും നടി നസ്രിയയും ഒപ്പമുണ്ടായിരുന്നു.

‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പ്രേമലു 2’ ഉപേക്ഷിച്ചതിന് കാരണം നസ്‌ലെനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വിമർശനങ്ങളും നടന്നിരുന്നു.

ചിത്രത്തിൽ നിന്ന് താരം പിന്മാറിയെന്ന പ്രചാരണങ്ങൾക്കൊപ്പം നസ്‌ലെന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമാണിതെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു.

ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ.ഡി നടത്തിയ ചില പരാമർശങ്ങളും ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നസ്‌ലെന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ സക്സസ് മീറ്റിൽ ഉയർന്നത്.

ചോദ്യം കേട്ടയുടനെ, “എന്തുകൊണ്ട് ഈ ചോദ്യം ഇതുവരെ വന്നില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു,” എന്ന് നസ്രിയ തമാശയായി പറഞ്ഞു.

തുടർന്ന് ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്’ എന്ന പരാമർശം മാധ്യമപ്രവർത്തകൻ മുന്നോട്ടുവെച്ചപ്പോൾ, “അത് അഹങ്കാരമാണോ? എനിക്ക് ഇപ്പോൾ അഹങ്കാരമുണ്ടോ?” എന്നായിരുന്നു നസ്‌ലെന്റെ മറുചോദ്യം.

ആളുകൾ തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളെക്കുറിച്ചും അഹങ്കാരിയാണെന്ന ആക്ഷേപങ്ങളെക്കുറിച്ചും കൂടുതൽ പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി. “എനിക്ക് അതിലൊന്നും ഒരു കമെന്റും ചെയ്യാനില്ല,” എന്നായിരുന്നു നസ്‌ലെന്റെ നിലപാട്.

ഈ സമയം സംഭാഷണത്തിൽ ഇടപെട്ട സംവിധായകൻ ജിത്തു മാധവൻ രസകരമായ ഒരു മറുപടിയും നൽകി. “ഏതെങ്കിലും അഹങ്കാരികൾ തങ്ങൾ അഹങ്കാരികളാണെന്ന് സമ്മതിക്കുമോ? അപ്പോൾ അവനോട് നേരിട്ട് ചോദിച്ചിട്ട് കാര്യമില്ല, മറ്റുള്ളവരോട് ചോദിക്കണം,” എന്ന് ജിത്തു തമാശയായി പറഞ്ഞത് സദസ്സിൽ ചിരിപടർത്തി.

‘സീൻ’ ബോക്സ് ഓഫീസിൽ കുതിക്കുന്നു

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സീൻ’. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് ഏകദേശം 200 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വൻ വരവേൽപ്പോടെ തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ് സിനിമ.







By admin