പയപ്പാര്‍(പാലാ): ജീവിതവും അതിലൂടെ സമ്പാദിച്ചതുമെല്ലാം സമൂഹനന്മക്കായി സമര്‍പ്പിച്ച അദ്ധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയും പയപ്പാര്‍ ജാനകി ബാലികാശ്രമ രക്ഷാധികാരിയുമായ എം.ജി. ജാനകിയമ്മ ടീച്ചറുടെ നൂറാം ജന്മദിനം ആഘോഷമാക്കി നാട്. വിദ്യ പകര്‍ന്നു നല്‍കിയവരും കൈപിടിച്ച് കരകയറ്റിയവരും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുമെല്ലാം ടീച്ചറുടെ ശതാബ്ദി ആഘോഷത്തില്‍ ഒത്തുചേര്‍ന്നു.
അവിവാഹിതയായ ടീച്ചര്‍ അദ്ധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം വിശ്രമ ജീവതത്തിലേക്ക് പ്രവേശിക്കാതെ സമാജ സേവനം തെരഞ്ഞെടുക്കുകയായിരുന്നു. 1986 മുതല്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
കുടുംബ സ്വത്തായി ലഭിച്ച 2.27 ഏക്കര്‍ സ്ഥലം വിഎച്ച്പിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ശരണാലയം ട്രസ്റ്റിന് ദാനമായി നല്‍കി അശരണരായ ബാലികമാരുടെ സംരക്ഷണത്തിനായി ശിഷ്ട ജീവിതം നീക്കിവെച്ചു. ജാനകി ബാലികാശ്രമം രക്ഷാധികാരിയാണ് ടീച്ചര്‍. നൂറ് കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും ദിശാബോധവും നല്‍കി സമൂഹത്തിന്റെ ഉന്നതനിലകളിലേക്ക് ഉയരാന്‍ ജാനകി ബാലികാശ്രമം അവസരമൊരുക്കി.
ജന്മശതാബ്ദി ആഘോഷവും ജാനകി ബാലികാശ്രമത്തിന്റെ വാര്‍ഷികാഘോഷവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജാനകിയമ്മ ടീച്ചര്‍ സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജാനകിയമ്മ ടീച്ചര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്മരിച്ചു. വിദ്യാഭ്യാസം, ചികിത്സ, ഉപജീവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒട്ടേറെയാളുകള്‍ക്ക് ടീച്ചര്‍ സഹായം നല്‍കിയിട്ടുണ്ട്. സേവനവും കരുണയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വമാണ് ജാനകിയമ്മ ടീച്ചറുടേതെന്നും ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി. ആര്‍. രാജശേഖരന്‍ നടത്തി. ജന്മഭൂമി പത്രാധിപരും ആര്‍എസ്എസ് ജില്ലാ സംഘചാലകനുമായ കെ.എന്‍.ആര്‍. നമ്പൂതിരി ജാനകിയമ്മ ടീച്ചറെയും ജാനകി ബാലികാശ്രമത്തിലെ മറ്റൊരു അംഗവും ജീവകാരുണ്യ പ്രവര്‍ത്തകയുമായ കാര്‍ത്ത്യായനിയമ്മയെയും ആദരിച്ചു.