ന്യൂഡൽഹി: ഫിറ്റ്‌നസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലിവിളിച്ച് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. അരുണാചൽ പ്രദേശിലെ കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ നീന്തുന്ന സ്വന്തം വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കിരൺ റിജിജു രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലനം ആവശ്യമായി വന്നേക്കാം. എന്നാൽ തനിക്കിത് കുട്ടിക്കാലം മുതലേയുള്ള ശീലമാണെന്ന് റിജിജു തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. “മേം യഹാൻ കാ ഖിലാഡി ഹൺ (ഞാനാണ് ഇവിടുത്തെ താരം),” എന്നും അദ്ദേഹം എക്‌സിൽ കൂട്ടിച്ചേർത്തു
നീന്തൽ അറിയില്ലെങ്കിൽ ഒരിക്കലും ആഴമുള്ള വെള്ളത്തിലേക്ക് പോകരുതെന്ന് വിഡിയോക്കൊപ്പം മന്ത്രി കുറിച്ചു. നിരവധി പേർ നദിയിൽ മുങ്ങിമരിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ നദികൾ വളരെ വലുതും ആഴമേറിയതുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന നദികളിൽ നീന്തുന്നത് കുളത്തിലോ യമുന പോലുള്ള നദികളിലോ നീന്തുന്നതുപോലെയാണെന്ന് ചിലർ കരുതിയേക്കാം. എന്നാൽ ശക്തമായ ഒഴുക്കുള്ള നദികളിൽ നീന്തുമ്പോൾ നമ്മുടെ തല വെള്ളത്തിന് മുകളിലായിരിക്കണം. ശരീരം നേരെ നീട്ടി വയ്‌ക്കുന്നതിന് പകരം കൂടുതൽ നിവർന്ന നിലയിലായിരിക്കണം. നീന്തൽ മത്സരങ്ങളിൽ ചെയ്യുന്നതുപോലെ ശരീരം നിവർത്തി നീന്തുന്നത് ഇവിടെ സുരക്ഷിതമല്ല. ഞാൻ ഇക്കാര്യത്തിൽ പുലിയാണ്,’ കിരണ്‍ റിജിജു കുറിച്ചു.