കൊച്ചി:: ബെത്ലഹെം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ ബജറ്റ് 30 കോടി എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പൃഥ്വിരാജ് നായകനായ ഖലീഫയുടെ നിര്‍മ്മാണച്ചെലവ് 50 കോടിയാണ്. പക്ഷെ ഈ ഓണം സീസണ്‍ പിടിച്ചടക്കാന്‍ വന്ന ഖലീഫ ഇപ്പോഴേ കിതയ്‌ക്കുമ്പോള്‍ കളക്ഷന്‍ വാരിക്കൂട്ടി, 100 കോടി ക്ലബ്ബില്‍ കേറുമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നിവിന്‍പോളി-മമിതബൈജു ചിത്രമായ ബെത്ലഹേം കുടുംബയൂണിറ്റ്.
കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷനില്‍ ബെത്ലഹേം കുടുംബയൂണിറ്റ് നേടിയത് 37 കോടിയാണെങ്കില്‍, ഖലിഫയുടെ ആകെ കളക്ഷന്‍ 25.5 കോടി മാത്രം.
വാസ്തവത്തില്‍ ഇത് നിവിന്‍ പോളി-മമിത ബൈജു ടീമിന്റെ സിനിമ എന്നതിനേക്കാള്‍ ഗിരീഷ് എഡിയുടെ സിനിമ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലത്. തുടര്‍ച്ചയായി ചെറിയ പ്രണയകഥകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഗിരീഷ് എഡിയുടെ സിനിമകള്‍ പതിയെ മലയാളത്തില്‍ ഒരു ബ്രാന്‍ഡ് ആയി മാറുകയാണ്. മാത്രമല്ല, മലയാളത്തിലെ റോംകോം (റൊമാന്‍റിക് കോമഡി) ഴോണറിന്റെ രാജകുമാരനായാണ് ഗിരീഷ് എഡിയെ ജെന്‍ സീ കണക്കാക്കുന്നത്.
2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ലള പ്രണയമായിരുന്നു തീം. 2024ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പ്രേമലു എന്ന സിനിമയില്‍ പഠിപ്പ് കഴിഞ്ഞ് ജോലി തേടുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കഥയാണ്. പക്ഷെ 2026ല്‍ ബെത്ലഹേം കുടുംബ യൂണിറ്റില്‍ എത്തുമ്പോള്‍ ഒരു 35 കാരനും 21കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയമാണ്. പ്രായത്തില്‍ 15 വയസ്സിന്റെ വ്യത്യാസമുള്ളവരുടെ പ്രണയവും ഗിരീഷ് എഡി അനശ്വരമാക്കിയിരിക്കുന്നു.
എന്തായാലും ബെത്ലഹേം കുടുംബയൂണിറ്റിനെക്കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പ്രേക്ഷകരില്‍ പലരും തിയറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ രസകരമായ കൊച്ചുമൂഹൂര്‍ത്തങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്. ഗിരിഷ് എഡിയെ അഭിനന്ദിച്ചുകൊണ്ടാണ് അധികംപോസ്റ്റുകളും. ഗിരിഷ് എഡി എന്ന പേര് തന്നെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ് ആണ്.