മുംബൈ : മനുസ്മൃതിയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ‘ സ്ത്രീ ശൈശവത്തിൽ പിതാവിന്റെയും യൗവനത്തിൽ ഭർത്താവിന്റെയും സംരക്ഷണത്തിലായിരിക്കണം എന്ന് മനുസ്മൃതി പറയുന്നു. പുരുഷൻ മരിച്ചാൽ അവൾ പുത്രന്മാരുടെ സംരക്ഷണത്തിലായിരിക്കണം. ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്രയായിരിക്കരുത്. ഇത് മനുസ്മൃതിയിൽനിന്നുള്ള നേരിട്ടുള്ള ഉദ്ധരണിയാണ്. ഈ വാക്കുകൾ അപമാനകരമാണ്, ഈ വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തവയാണ്’ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
സനാതനധർമ്മവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനെയും രാഹുൽ സ്ഥിരമായി വിമർശിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മനുസ്മൃതിയ്‌ക്കെതിരെ രാഹുൽ മുറവിളി കൂട്ടുന്നതിനിടെ വേദിയിലെത്തിയ മുസ്ലീം പെൺകുട്ടി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പഠനത്തിനായുള്ള ശ്രമങ്ങളിൽ നേരിട്ട ബുദ്ധിമുട്ടുകളെയും സാമൂഹിക നിയന്ത്രണങ്ങളെയും കുറിച്ചായിരുന്നു മുസ്ലീം പെൺകുട്ടി തുറന്ന് പറഞ്ഞത്. സൈബർ സുരക്ഷ കോഴ്‌സ് പഠിക്കുന്ന പെൺകുട്ടി പാർട് ടൈമായി ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട്.
കടുത്ത സാമൂഹിക വിധിന്യായങ്ങളും നിയന്ത്രണങ്ങളും താൻ നേരിടേണ്ടി വരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ശിരോവസ്ത്രം ധരിച്ചതിനുശേഷം മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. മാതാപിതാക്കൾ തന്നെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും മതത്തിന്റെ വേലിക്കെട്ടുകൾ തകർക്കാനാകുന്നില്ലെന്നും പെൺകുട്ടി രാഹുലിനോട് പറഞ്ഞു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ആ പെൺകുട്ടിയെ ചാക്കിൽ കയറ്റിയതും മനുസ്മൃതി ആണോ രാഹുലേയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.