പറവൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്ന് പിടികൂടിയത്.
താമസസ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വില്പന. കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങി പത്തിരട്ടി വിലക്കാണ് കച്ചവടം നടത്തുന്നത്.
മുനമ്പം ഡി.വൈ.എസ് പി . എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.