• Mon. Aug 24th, 2026

24×7 Live News

Apdin News

സ്റ്റാർലിങ്ക് അനുമതിക്കായി വീണ്ടും അപേക്ഷ നൽ‌കി ഇലോൺ‌ മസ്ക്

Byadmin

Aug 24, 2026


ന്യൂയോർക്ക്: ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് വീണ്ടും അനുമതി തേടി അപേക്ഷ സമർപ്പിച്ചു. മൊബൈൽ ഫോണുകളിലേയ്ക്ക് നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി (Direct-to-Device) നൽകുന്ന അത്യാധുനിക ‘ജെൻ 2’ (Gen 2) സാറ്റലൈറ്റ് ശൃംഖലയ്ക്കാണ് കമ്പനി അംഗീകാരം ആവശ്യപ്പെട്ടിരിക്കുന്നത്.

30,000 സാറ്റലൈറ്റുകൾ ഉൾപ്പെടുന്ന ഉപഗ്രഹ ശൃംഖലയ്ക്കായി സ്റ്റാർലിങ്ക് മുൻപ് സമർപ്പിച്ച അപേക്ഷ, ചില സാങ്കേതിക സവിശേഷതകളുടെയും സ്പെക്ട്രം ബാൻഡുകളുടെയും മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ നിരസിച്ചിരുന്നു. തുടർന്നാണ് പുതിയ സാങ്കേതികവിദ്യകളോടെ സ്റ്റാർലിങ്ക് വീണ്ടും അപേക്ഷ നൽകിയത്.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുകൊണ്ട്, ഓഗസ്റ്റ് 21 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെ ഇലോൺ മസ്ക് തന്‍റെ നിലപാട് വ്യക്തമാക്കി. ഇന്ത്യയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഒട്ടും ലഭ്യമാകാത്ത ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ സ്റ്റാർലിങ്കിന് സാധിക്കുമെന്ന് മസ്ക് കുറിച്ചു.

ഇന്ത്യയിലെ ഗ്രാമീണ-നഗര മേഖലകൾ തമ്മിലുള്ള ഇന്‍റർനെറ്റ് വ്യത്യാസം ചൂണ്ടിക്കാണിക്കുന്ന പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ പ്രതികരണം നടത്തിയത്. 2026 മേയ് മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും 4G കവറേജ് ലഭ്യമല്ല.

By admin