• Sun. Oct 25th, 2026

24×7 Live News

Apdin News

സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ആള്‍ക്ക് എത്രരൂപ ആനുകൂല്യം കിട്ടും: ഇ പി ജയരാജന്റെ ഭാര്യക്കെതിരെ സഹോദരീ പുത്രന്‍ വീണ്ടും

Byadmin

Oct 25, 2026


കണ്ണൂര്‍:സി പി എം നേതാവ് ഇ പി ജയരാജനും ഭാര്യ ഇന്ദിരയ്‌ക്കുമെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിട്ട ശേഷം പിന്‍വലിച്ച അദ്ദേഹത്തിന്റെ സഹോദരീ പുത്രന്‍ ശ്യാംജിത്ത് ഇന്ന് വീണ്ടും ഫേസ്ബുക് കുറിപ്പുമായി രംഗത്തെത്തി.വൈദേകം റിസോര്‍ട്ടിലെ പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നും സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യം കിട്ടുമെന്ന് ചോദിച്ച് കൊണ്ടുമാണ് പോസ്റ്റ്.

അതിനിടെ, ഇ പി ജയരാജന്റെ ഭാര്യ നിക്ഷേപിച്ചത് സി എം ആര്‍ എല്‍ കമ്പനി മേധാവി ശശിധരന്‍ കര്‍ത്ത നല്‍കിയ പണമാണെന്ന ശ്യാംജിത്തിന്റെ ആരോപണം കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് മാനേജ്മെന്റ് നിഷേധിച്ചു.ഈ ഫേസ്ബുക് പോസ്റ്റ് വിവാദമായതോടെ ശ്യാംജിത് മുക്കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റ് ഇട്ടത് മറ്റാരോ ആണെന്നുമാണ് ശ്യാംജിത്ത് പറഞ്ഞത്.

ഇതിനിടെയാണ് ഇന്ദിരയെ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്.സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യമായി കിട്ടുമെന്നും ആ കണക്കുകള്‍ പുറത്ത് വരേണ്ടതല്ലേയെന്നും ശ്യാംജിത്ത് കുറിച്ചു.പല ഇടപാടുകളുടെയും രേഖകള്‍ പുറത്ത് വരാനുണ്ടെന്നും പറയുന്നു.

അതേസമയം, സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.പൊലീസില്‍ പരാതിയും നല്‍കി.ഇതിന്റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്ന് വൈദേകം മാനേജ്മെന്റ് വ്യക്തമാക്കി.

വൈദേകത്തില്‍ ശ്യാംജിത്തിന്റെ ഭാര്യക്ക് അക്കൗണ്ട്‌സ് ഓഫീസറായി നിയമനം നല്‍കിയത് താന്‍ പറഞ്ഞിട്ടാണെന്ന് ഇ പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് കേസ് നല്‍കുമെന്നും പറഞ്ഞു.

By admin