• Tue. Oct 27th, 2026

24×7 Live News

Apdin News

12 ഷോട്ടുകൾ, 6 ഓൺ ടാർ​ഗറ്റ് ഷോട്ടുകൾ; എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ രഹിത സമനില

Byadmin

Oct 25, 2026


കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL 2026-27) കൊച്ചിയുടെ മണ്ണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും ജയം കാണാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ഫിനിഷിങ്ങിലെ പാളിച്ചകൾ കാരണം ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനിലയുമായി (0-0) കളം വിടേണ്ടി വന്നു.

51 ശതമാനം പന്തടക്കവും, ആറ് ഓൺ ടാർ​ഗറ്റ് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് ഉൾപ്പെടെ 12 ഷോട്ടുകളും ഉതിർത്തിട്ടും നിർഭാഗ്യം മാത്രം ബ്ലാസ്റ്റേഴ്സിന് വില്ലനായി മാറി.

ആവേശം നിറഞ്ഞ ആദ്യ പകുതി; തുടർച്ചയായ അവസരങ്ങൾ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്സ്

മഞ്ഞക്കടലായി മാറിയ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫ്രെഡി ലല്ലാവ്മൗമയെ ക്യാപ്റ്റനാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അഡ്രിയാൻ ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയപ്പോൾ, പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് മികച്ച തന്ത്രങ്ങളുമായാണ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് നാലാം മിനിറ്റിൽ തന്നെ സുവർണ്ണാവസരം സൃഷ്ടിച്ചു. മുഹമ്മദ് സനാൻ ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസിൽ അഡ്രിയാൻ ലൂണ ഡെെവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

ആറാം മിനിറ്റിലും സനാൻ ബോക്സിലേക്ക് ക്രോസ് എത്തിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു. 11-ാം മിനിറ്റിൽ ഹോർമിപാമിനും മുംബൈ ഗോൾമുഖത്ത് സുവർണ്ണാവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി.

ആദ്യ പകുതിയിൽ മലയാളി താരം മുഹമ്മദ് സനാനും അഡ്രിയാൻ ലൂണയും കളം നിറഞ്ഞു കളിച്ചു. 17-ാം മിനിറ്റിൽ സനാൻ തൊടുത്ത മനോഹരമായ ഷോട്ട് മുംബൈ ഗോളി തടുത്തു. ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്സ് വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ഫിനിഷിങ്ങിലെ പാളിച്ചകളും പ്രതിരോധക്കോട്ടയും

രണ്ടാം പകുതിയിൽ കോറോ സിങ്ങിന് പകരം ശ്രീക്കുട്ടനെ കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. 52-ാം മിനിറ്റിൽ ലൂണയുടെ നേരിട്ടുള്ള ഷോട്ട് പുറത്തേക്ക് പോയി.

64-ാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രഡിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നുയർന്നു. 69-ാം മിനിറ്റിൽ റീബൗണ്ട് കിട്ടിയ പന്ത് വലയിലെത്തിക്കാൻ അജ്സൽ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

മറുഭാഗത്ത് മുംബൈയുടെ ആക്രമണങ്ങളെ ഗോളി അമരീന്ദർ സിങ്ങും പ്രതിരോധ നിരയും ചേർന്ന് മികച്ച രീതിയിൽ പ്രതിരോധിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആന്ദ്രെ ഗ്രീൻ, എബിൻദാസ് എന്നിവർ നടത്തിയ മുന്നേറ്റങ്ങളും ലക്ഷ്യം കാണാതെ പോയതോടെ മുംബൈക്കെതിരെ സമനിലകൊണ്ട് തൃപ്തിപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.

മികച്ച പ്രകടനം നടത്തി കയ്യടി നേടിയെങ്കിലും, വിജയഗോൾ കണ്ടെത്താനാകാത്തതിന്റെ നിരാശയിലാണ് മഞ്ഞപ്പടയും ആരാധകരും.







By admin