• Wed. Nov 25th, 2026

24×7 Live News

Apdin News

14 വര്‍ഷത്തിന് ശേഷം കപില്‍ ശര്‍മ്മ ഷോയില്‍ സ്വരങ്ങള്‍ പാടിയും “ചിരിക്കല്ലെ പെണ്ണേ കല്യാണി” പാടിയും ശ്രേയ ഘോഷാല്‍

Byadmin

Nov 25, 2026



മുംബൈ:14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കപിൽ ശർമ്മയുടെ ഷോയിൽ വീണ്ടും എത്തിയ പിന്നണി ഗായിക ശ്രേയ ഘോഷാൽ കൊച്ചിയിലെ മ്യൂസിക്ക് ബാന്റിന്റെ 35 കോടിയിലധികം കാഴ്‌ചക്കാരെ നേടി മുന്നോട്ട് കുതിക്കുന്ന ചിരിക്കല്ലേ പെണ്ണേ കല്യാണി എന്ന ഗാനം പാടിയപ്പോള്‍ ഹിന്ദി താരങ്ങളും നവജോത് സിന്ധു ഉള്‍പ്പെടെയുള്ളവരും അത് ശരിക്കും ആസ്വദിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മണി വേഴ്സ് റെക്കോർഡ്‌സിലെ’ (Money Verse Records) സ്വതന്ത്ര കലാകാരന്മാരായ ARJN, KDS, FIFTY4 എന്നിവരോടൊപ്പം ചിരിക്കല്ലെ പെണ്ണേ കല്യാണി എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് പാടിയിരിക്കുന്നത് ശ്രേയ ഘോഷാലാണ്.

ഇപ്പോള്‍ മുംബൈയില്‍ നടന്ന പരിപാടിയില്‍ വീണ്ടും ശ്രേയാഘോഷാല്‍ കൊച്ചിയിലെ കലാകാരന്മാര്‍ക്കൊപ്പം “കല്യാണി (റീമിക്സ്)” വേദിയിൽ തത്സമയം അവതരിപ്പിച്ചപ്പോള്‍ അത് അപൂര്‍വ്വ അനുഭവമായി മാറി.

കാറ്റിന്‍ തൂവല്‍പോലെ മെല്ലെ കളവാണി
മോഹം പൂത്തെന്‍ നെഞ്ചിനുള്ളില്‍ മഴ പോലെ

എന്ന ഈ ഗാനത്തിലെ മലയാളം വരികള്‍ അനായാസമായി ശ്രേയഘോഷാല്‍ പാടിയപ്പോള്‍ സദസ്സ് കയ്യടിച്ചു. മിഴികളില്‍ നിറയുന്ന മൊഴിയുണ്ടല്ലോ തുടങ്ങി റാപ്പ് ഭാഗവും അനായാസം ശ്രേയഘോഷാല്‍ പാടിയത് കൊച്ചി ബാന്റിലെ അംഗങ്ങള്‍ക്ക് ഹരമായി. മലയാളം റാപ്പ് കൊച്ചിയിലെ ബാന്റംഗങ്ങള്‍ പാടിയതിന് പിന്നാലെ കല്യാണി റീമിക്സിലെ ഹിന്ദി വരികള്‍ ശ്രേയഘോഷാല്‍ പാടിയപ്പോള്‍ വലിയ കയ്യടിയും ബഹളവുമായിരുന്നു സദസ്സില്‍. ഇതിന്റെ വീഡിയോ എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചത് ലക്ഷങ്ങളാണ് മണിക്കൂറുകള്‍ക്കകം കണ്ടത്.

നടി സാനിയ ഇയ്യപ്പനാണ് ഈ കല്യാണിഗാനത്തിന്റെ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ബോംബെയില്‍ നടക്കുന്ന കപില്‍ ശര്‍മ്മ ഷോയില്‍ ശ്രേയ ഘോഷാല്‍ അതിവേഗം സ്വരങ്ങള്‍ പാടിപ്പോകുന്ന ഗാനം പാടിയതും ഏറെ ശ്രദ്ധേയമായി. ഇതിന്റെ വീഡിയോകള്‍ ദശലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് നേടിയത്.

നിര്‍ത്താതെ സ്വരങ്ങള്‍ പാടിക്കൊണ്ടുള്ള കര്‍ണ്ണാടിക് ടച്ചുള്ള ഹിന്ദി ഗാനവും സദസ്സിനെ ഹരംകൊള്ളിച്ചു.



By admin