ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്ര പൊലീസാണ് മാത്യു ആൽബിനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.
നേരത്തെ, പരാതി ഉന്നയിച്ച ജീവനക്കാരിയെ ബ്രദർ മാത്യു ആൽബിൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത്ര വലിയ പെണ്ണുകേസ് ഉണ്ടായിട്ടും തന്നെ തേടി ആരും വന്നില്ലെന്നും ചെന്നിത്തലയെ നേരിൽ കണ്ടെന്നുമാണ് ഫോൺ സംഭാഷണത്തിൽ മാത്യു ആൽബിൻ അവകാശപ്പെട്ടിരുന്നത്. 5 പേരെ കൊല്ലാനുണ്ടെന്നും ആദ്യം ശാന്തി ഭവനിൽ മാനേജർ ആയിരുന്ന ശരത്തിനെ കൊലപ്പെടുത്തുമെന്നും സംഭാഷണത്തിൽ മാത്യൂ ആൽബിൻ ഭീഷണിപ്പെടുത്തുന്നുണ്ട്. ജാമ്യം കിട്ടിയ കശേഷം പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുമെന്ന ഭീഷണിയോടെയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
അതേസമയം, ഭീഷണി ഫോൺ കാൾ വന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പരാതിക്കാരിയുടെ ബന്ധുക്കൾ പറഞ്ഞു. പണമടക്കം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് ബ്രദര്‍ മാത്യു ആല്‍ബിനെതിരെ അഗതി മന്ദിരത്തിലെ ജീവനക്കാരി ഉന്നയിച്ച പരാതി. കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മാത്യു ആല്‍ബിന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മാനസാന്തരം വന്നെന്ന് പ്രഖ്യാപിച്ച് പുന്നപ്രയിൽ അഗതി മന്ദിരം തുടങ്ങിയത്.