• Sat. Jun 20th, 2026

24×7 Live News

Apdin News

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്

Byadmin

Jun 20, 2026


ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് പരാഗ്വേയുടെ മിഡ്ഫീല്‍ഡറായ മിഗ്വല്‍ അല്‍മിറോണ്‍. എന്നാല്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡിലൂടെയാണെന്ന് മാത്രം. വെള്ളിയാഴ്ച രാത്രി തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തിനിടെ വായ പൊത്തി സംസാരിച്ചതിന് റഫറി അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് നല്‍കി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഈ കുറ്റത്തിന് ഒരു താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനമാണ് താരത്തിന് പുറത്തുപോകേണ്ടി വന്നത്. ഈ സമയം പരാഗ്വേ 1-0 ന് മുന്നിലായിരുന്നു.

എന്നാല്‍ അല്‍മിറോണിന്റെ പുറത്താക്കല്‍ രണ്ടാം പകുതി മുഴുവന്‍ 10 പേരുമായി കളിക്കാന്‍ പരാഗ്വേയെ നിര്‍ബന്ധിതരാക്കി. തുര്‍ക്കി താരം മെര്‍ട്ട് മള്‍ഡറിനോട് എന്തോ സംസാരിക്കുന്നതിനിടെ അല്‍മിറോണ്‍ തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കുകയായിരുന്നു. പരാഗ്വേ താരം നിയമലംഘനം നടത്തിയെന്ന് മള്‍ഡര്‍ ഉടന്‍ തന്നെ റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഗ്രൗണ്ടിലെ മോണിറ്ററിലൂടെ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി അല്‍മിറോണിന് നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി.

എന്താണ് ഈ പുതിയ നിയമം?
കളിക്കളത്തിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ വായ പൊത്തി സംസാരിക്കുന്ന കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കുന്ന നിയമം ഈ ലോകകപ്പിലാണ് ഫിഫ ആദ്യമായി നടപ്പിലാക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരമാണ് ഈ കര്‍ശന നിയമത്തിലേക്ക് നയിച്ചത്. ബെന്‍ഫിക്കയുടെ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി തന്റെ ജേഴ്‌സി ഉപയോഗിച്ച് വായ പൊത്തിക്കൊണ്ട് റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ അധിക്ഷേപിച്ചിരുന്നു. വായ മറച്ചുപിടിച്ചതിനാല്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്, തര്‍ക്കങ്ങള്‍ക്കിടെ വായ പൊത്തുന്ന കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാന്‍ ഫിഫ റഫറിമാര്‍ക്ക് അധികാരം നല്‍കിയത്.

By admin