• Thu. Jun 25th, 2026

24×7 Live News

Apdin News

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

Byadmin

Jun 25, 2026


ഏകാധിപത്യത്തിലൂടെ തട്ടിപ്പറിച്ചെടുക്കാവുന്ന ഒന്നല്ല ജനാധിപത്യമെന്ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ തെളിയിച്ചു. അവരുടെ പിൻതലമുറക്കാരിൽ അടിയന്തരാവസ്ഥയുടെ മന:ശാസ്ത്രം ഒഴിയാബാധയായി തുടരുകയാണ്.
ഹസീനയോ ഒലി ശർമ്മയോ രാജപക്ഷയോ അല്ല മോദി. ബംഗ്ലാദേശോ നേപ്പാളോ ശ്രീലങ്കയോ അല്ല ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലെ ജെൻസികൾ മോദിയുടെ കൂടെയാണ്. ജെൻസികൾ മോദിയെ താഴെയിറക്കാനല്ല, 2047ൽ ഭാരത സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത ഭാരതം കെട്ടിപ്പടുത്ത് ലോകഗുരുവായി ഭാരതത്തെ പ്രതിഷ്ഠിക്കാൻ മോദിക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. സിസ്റ്റം മാറ്റാനല്ല, അരക്കിട്ടുറപ്പിച്ച് കൂടുതൽ കരുത്തോടെ മോദിക്കൊപ്പം മുന്നേറാനാണ് അവർക്കിഷ്ടം.

2026 ജൂൺ 25 ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 51-ാം വാർഷികമാണ്.

1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി ആറു വർഷത്തേക്ക് അവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയതോടെ അധികാരമോഹിയായ ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ”ഇന്ദിര ഇന്ത്യയും ഇന്ത്യ ഇന്ദിരയും” ആണെന്ന് ഡി.കെ. ബറുവ പറഞ്ഞ കാലം. ആയിരക്കണക്കിന് രാഷ്‌ട്രീയ എതിരാളികളെ തുറുങ്കിലാക്കി, മാദ്ധ്യമ സെൻഷർഷിപ്പ് ഏർപെടുത്തി, പൗരസ്വാതന്ത്ര്യങ്ങൾ എടുത്തുമാറ്റി, മനുഷ്യാവകാശങ്ങൾ ധ്വംസിച്ചു, ജനാധിപത്യപരമായി തെരഞ്ഞെടുത്ത നിയമസഭകൾ പിരിച്ചുവിട്ടു, തെരഞ്ഞെടുപ്പുകൾ സസ്‌പെൻഡ് ചെയ്തു. അര നൂറ്റാണ്ടായി ആ ചരിത്രം നമ്മുടെ മുമ്പിലുണ്ട്.
ലോകസംഘർഷ സമിതിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കാനും ജനാധിപത്യം പുന:സ്ഥാപിക്കാനും നടത്തിയ ഐതിഹാസിക സമരത്തിൽ മിസയിലും ഡിഐആറിലുമായി ഭാരതത്തിലാകെ 1,74,000 പേരും കേരളത്തിൽ 7,000 പേരും ജയിലിലാകുകയും ആയിരക്കണക്കിനാളുകൾ മർദനമേറ്റ് മൃതപ്രായരാവുകയും ചെയ്തു. പട്ടിപ്പൂട്ട്, ഡബിൾ ആക്ഷൻ, കാവടിയാട്ടം, ക്ലിപ്പിടൽ, വിമാനം പറപ്പിക്കൽ, അടി, ഇടി, ചവിട്ട്, വെട്ട്, ഉരുട്ടൽ, ലിംഗംകൊണ്ട് ചുവരെഴുത്ത, ചാടിക്കളിക്കെടാ കുഞ്ഞിരാമ, കൊളുത്ത്, ഹീറ്റിംഗ് എന്നീ ഓമനപ്പേരുകളിൽ അരങ്ങേറിയ മർദ്ദനമുറകൾ പൊലീസുകാർ പരീക്ഷിച്ചത് സമരസേനാനികളിലായിരുന്നു. സമരക്കാരെ കൈകാര്യം ചെയ്യാൻ ശാസ്തമംഗലം, നാഗമ്പടം, ഇടപ്പള്ളി, തൃശൂർ ഊട്ടുപുര, കക്കയം, മാലൂർകുന്ന് തളാപ്പ് എന്നീ ഏഴ് തടങ്കൽ പാളയങ്ങളൊരുക്കിയിരുന്നു. കക്കയം ക്യാമ്പിലെ മർദനങ്ങളേത്തുടർന്നാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി രാജൻ മരിക്കുന്നത്.

ആ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ആ ഐതിഹാസിക സമരത്തിന് നേതൃത്വം നൽകിയവരിൽ നരേന്ദ്ര മോദിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരേക്കാളും നന്നായി മോദിക്ക് സ്വാതന്ത്ര്യത്തിന്റെ വിലയറിയാം.
രാജ്യമെമ്പാടും നടന്ന സമരങ്ങളേത്തുടർന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻവലിക്കാൻ നിർബന്ധിതയായത്. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയുമുൾപ്പെടെ കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്തി മോറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരത്തിലേറി.
ഭരണഘടന ഭേദഗതി ചെയ്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ കോൺഗ്രസുകാർ ‘ജനാധിപത്യവാദി’കളും അതിനെ ചെറുത്തു തോൽപിച്ച സംഘപരിവാർ പ്രസ്ഥാനങ്ങൾ ‘ഫാസിസ്റ്റുകളു’മാണെന്ന് വൈതാളികന്മാർ അന്നും ഇന്നും പാടിനടക്കുന്നുണ്ട്.
ഭാരത സ്വാതന്ത്ര്യത്തിനുശേഷം മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഭരണഘടനാശില്പികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ തന്നെ അപഭ്രംശം തുടങ്ങിയിരുന്നു. വിശ്വപൗരനെന്ന ഖ്യാതി ഉണ്ടായിരുന്നെങ്കിലും സത്യം, നീതി, ന്യായം ജനാധിപത്യം എന്നിവയെല്ലാം നെഹ്രുവിന് പ്രദർശനവസ്തുക്കൾ മാത്രമായിരുന്നു.

നെഹ്‌റു ആർഎസ്എസ് നിരോധിച്ച് സംഘടനാസ്വാതന്ത്ര്യം ഹനിച്ചു. മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്നത് ഹിന്ദുമഹാസഭക്കാരായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടവരും അവർതന്നെ. പക്ഷേ നെഹ്രു നിരോധിച്ചത് ആർഎസ്എസിനെയായിരുന്നു. നെഹ്രുവിന്റെ മഹത്വാകാംക്ഷക്ക് വിഘാതമായേക്കാമെന്നു ഭയപ്പെട്ടിരുന്നവരെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
മകൾ ഇന്ദിരാഗാന്ധിയാകട്ടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ജയിലറയാക്കി.
കുടുംബവാഴ്ച നിലനിർത്തി ഉൾപ്പാർട്ടി ജനാധിപത്യം തകർത്ത കോൺഗ്രസിന് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനായില്ല.
1957 ൽ ബാലറ്റിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടത് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത നെഹ്റുവായിരുന്നു. ‘ജനാധിപത്യവാദി’യായ നെഹ്രു എട്ടു പ്രാവശ്യവും ഇന്ദിരാ ഗാന്ധി 50 പ്രാവശ്യവും നരസിംഹറാവുവും മൻമോഹൻസിംഗും 11 പ്രാവശ്യം വീതവും സംസ്ഥാന നിയമസഭകൾ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിനെയും ഒരിക്കൽ പോലും ‘ഫാസിസ്റ്റ്’ എന്ന് അവർ ആരോപിക്കുന്ന മോദി പിരിച്ചുവിട്ടിട്ടില്ല. സ്വതന്ത്ര ഇന്ത്യയിലെ ഒന്നാം ഭരണഘടനാ ഭേദഗതിതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപെടുത്തുന്നതായിരുന്നു. ജനാധിപത്യധ്വംസനം കോൺഗ്രസ് പാരമ്പര്യവും കുടുംബവാഴ്ച അവരുടെ അവകാശവുമായി. അടിയന്തരാവസ്ഥ അതിന്റെ പ്രകടമായ സാക്ഷിപത്രമായിരുന്നു.
കോൺഗ്രസിന്റെ ഈ തലമുറയിലെ രാഹുൽ തുടരെത്തുടരെ ജനാധിപത്യവിരുദ്ധ നിലപാടുകൾ എടുക്കുന്നത് അവർ ഇപ്പോഴും പിൻതുടരുന്ന ഫാസിസ്റ്റു മനോഭാവം കൊണ്ടാണ്. ആരോഗ്യകരമായ ചർച്ചകൾക്കുപകരം ഓരോ പാർലമെന്റ് സമ്മേളനവും അലങ്കോലമാക്കുന്ന ജനാധിപത്യവിരുദ്ധ നടപടിയാണല്ലൊ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് പിൻതുടരുന്നത്.

ഇരുപത്തിനാലു മണിക്കൂറും മോദിയെ പുലഭ്യം പറയുന്ന ആയിരക്കണക്കിന് മാദ്ധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ രാജ്യത്ത് ”മാദ്ധ്യമസ്വാതന്ത്ര്യം അപകടത്തിൽ” എന്ന വ്യാഖ്യാനവുമായി ഇറങ്ങുന്ന കോൺഗ്രസ് അടിയന്തരാവസ്ഥയിൽ കുൽദീപ് നയ്യാർ, ബി.ജി. വർഗീസ്, കെ.ആർ. മാൽക്കാനി തുടങ്ങിയ പ്രമുഖ പത്രപ്രവർത്തകരെ അറസ്റ്റു ചെയ്യുകയും വാർത്തകൾക്ക് സെൻസറിംഗ് നടപ്പാക്കുകയും അനേകം മാദ്ധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തവരാണ്.

മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തക ഹെല്ലെ ലിംഗയെ കോട്ടയംകാരനായ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് ഓർമിപ്പിച്ച ഒന്നുണ്ട്. ”പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ശക്തമായ ഭരണഘടന ഞങ്ങൾക്കുണ്ട്. അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഏത് പൗരനും കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ട്. സ്ത്രീകൾക്ക് തുല്യ അവകാശമുള്ള രാജ്യമാണ്. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറോളം ടിവി ചാനലുകളുണ്ട്. പ്രാദേശിക ഭാഷകളിലായി പതിനായിരക്കണക്കിന് ചാനലുകൾ വേറെയും. ഇന്ത്യയുടെ വലിപ്പവും വൈവിധ്യവും മനസ്സിലാക്കാത്തവരാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യമാണ്. ഞങ്ങൾ എപ്പോഴും നിയമങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കാറുള്ളു.” ഹെല്ലെ ലിംഗക്ക് കാര്യം മനസിലായെങ്കിലും കോൺഗ്രസ് നയിക്കുന്ന ഇൻഡി മുന്നണിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഏറിയകാലവും നെഹ്‌റു കുടുംബത്തിലെ അംഗങ്ങളോ അവരുടെ വിധേയരോ ആണ് ഭരിച്ചിരുന്നത്. കുടുംബവാഴ്ച നിലനിർത്തി, ഉൾപ്പാർട്ടി ജനാധിപത്യം കാറ്റിൽ പറത്തി ഭരണസംവിധാനത്തെയും കോൺഗ്രസ് പാർട്ടിയേയും അവർ നിരന്തരം ദുരുപയോഗം ചെയ്തു. ഫാസിസത്തെ ചെറുത്തവരെ അവർ ഫാസിസ്റ്റാക്കി മുദ്രകുത്തി നിയമവാഴ്ചയെ വെല്ലുവിളിച്ചു. രാജീവ് ഗാന്ധി ഷാ ബാനു കേസിലെ കോടതിവിധി അട്ടിമറിച്ചു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന പത്തുവർഷവും അധികാരകേന്ദ്രം സോണിയയായിരുന്നു. അധികാരം നെഹ്റു കുടുംബത്തിന്റെ അവകാശമാണെന്ന് തലമുറകളായി അവർ ഉറച്ചു വിശ്വസിക്കുന്നു. രാജ്യതാല്പര്യങ്ങൾ അവർക്ക് കുടുംബതാല്പര്യങ്ങളാണ്.

നെഹ്രുപരിവാറിനപ്പുറം അധികാരസ്ഥാനത്ത് മറ്റാരെയും അവർക്ക് സങ്കൽപിക്കാനാവില്ല. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 70 ശതമാനത്തിലേറെപ്പേരുടെ പിന്തുണയോടെ തലയുയർത്തി നിൽക്കുന്നു. ഏറ്റവും കൂടുതൽ കാലം ഭരിച്ച തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സേതര പ്രധാനമന്ത്രിയാണ് മോദി. നെഹ്രുവിന്റെ 4398 ദിവസം മോദി മറികടന്നത് ജൂൺ 10നാണ്. 32 രാജ്യങ്ങൾ അവരുടെ നാട്ടിലെ സർവോന്നത പുരസ്‌കാരം നൽകി മോദിയെ ആദരിച്ചു. ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പാർലമെന്റുകളിൽ പ്രസംഗിക്കാൻ അവസരം കൊടുത്തു. അന്ന യോജനയിലൂടെ വിശക്കുന്നവന് ആഹാരവും ജൽജീവൻ മിഷനിലൂടെ ദാഹിക്കുന്നവന് കുടിനീരും ജനൗഷധി-ആയുഷ്മാൻ പദ്ധതികളിലൂടെ രോഗികൾക്ക് സൗജന്യമായി മരുന്നും ശുശ്രൂഷയും കിടപ്പാടമില്ലാത്തവന് പാർപ്പിടവും നൽകിയ ഭരണാധികാരിയാണ് മോദി. ഏത് ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന ഇത്തരം നേട്ടങ്ങളുടെ ഉടമയെ രാഹുൽ വിളിച്ചത് ‘കള്ളൻ’ എന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന രാഹുലിന്റെ അമ്മ സോണിയ ഗാന്ധിയാകട്ടെ മോദിയെ വിളിച്ചത് ‘മരണത്തിന്റെ വ്യാപാരി’ എന്നും.
ജൂൺ 9ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ 23 പ്രതിപക്ഷപാർട്ടികളുടെ ഇൻഡി സഖ്യം ചേർന്ന് ബിജെപിയും ആർഎസ്എസും ജനാധിപത്യം അപകടത്തിലാക്കുകയാണെന്ന് ആരോപിച്ചു.

എഎപി നേതാവ് അരവിന്ദ് കേജ്രിവാളും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഡിഎംകെയെ ‘ചതിച്ച്’ സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി ഒരു രാഷ്‌ട്രീയ ബന്ധവുമില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പറഞ്ഞു. ”പങ്കാളി രഹസ്യ ബന്ധത്തിൽ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിത്. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരും താമസിക്കാറില്ല. അതിനാൽ ഡിഎംകെ പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ല,” ഭാരതി പറഞ്ഞു.
അവസരവാദവും കുതികാൽവെട്ടുമാണ് കോൺഗ്രസ് മുന്നണികളുടെ മുഖമുദ്ര. കേരളത്തിൽ ഇൻഡി മുന്നണിയിലെ കമ്മികളെ കോൺഗ്രസ് തോൽപിച്ചു. കേന്ദ്രത്തിൽ പക്ഷേ കോൺഗ്രസിനെ സിപിഎം, സിപിഐ കക്ഷികൾ പിന്തുണക്കണം. പശ്ചിമ ബംഗാളിൽ കോൺഗ്രസിനേയും ഇടതിനേയും ഇതുവരെ മമത അടുപ്പിച്ചിരുന്നില്ല. ഇപ്പോൾ സ്വയം തോറ്റമ്പി കുത്തുപാളയെടുത്തപ്പോൾ മമത സഖ്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നു.
നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്ന് പൊതുതെരഞ്ഞെടുപ്പുകൾ ജയിച്ച 140 കോടിയിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാണ് മോദി. പ്രതിപക്ഷത്ത് ധാർഷ്ഠ്യത്തിന് കൈയ്യും കാലും വച്ചവരും ജനാധിപത്യവിരുദ്ധരുമായ മമത, സ്റ്റാലിൻ എന്നിവർ സ്വന്തം മണ്ഡലങ്ങളിൽവരെ തോറ്റു. പിണറായി ജയിച്ചെങ്കിലും പാർട്ടി തോറ്റു. മൂന്നുപേരും വർഗീയപ്രീണനത്തിൽ മത്സരിക്കുകയായിരുന്നു. പരസ്യമായി സനാതനധർമ വിരുദ്ധ നിലപാടെടുക്കുകയും ചെയ്തു. നിയമസഭയിൽ ‘സനാതന ധർമം ഇല്ലായ്‌മ ചെയ്യണം’ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് ഏകാധിപതികളുടെ സ്വരമാണ്. ഒരു ധർമത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള ഏതു പൗരന്റെയും അവകാശത്തെയാണ് അവർ ചോദ്യം ചെയ്തത്.

”മോദിയെ വീഴ്‌ത്താൻ” പ്രതിപക്ഷനിരയും മാദ്ധ്യമപ്പടയും അവതരിപ്പിച്ച കനയ്യ കുമാർ, ഹാർദിക്ക് പട്ടേൽ, ചന്ദ്രശേഖർ ആസാദ്, രാകേഷ് ടിക്കായത്ത്, ധ്രുവ് റാത്തി എന്നിവരെല്ലാം പരാജയപ്പെട്ടു. ബിജെപിയാകട്ടെ 22 സംസ്ഥാനങ്ങൾ ഭരിക്കുന്ന കക്ഷിയായി. സമീപകാലത്തെ ഹരിയാന, മഹാരാഷ്‌ട്ര, ഡൽഹി, ബിഹാർ, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ബിജെപി തൂത്തുവാരി.
ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന അഭിജിത് ദീപക് നേതൃത്വം നൽകുന്ന പാറ്റ പാർട്ടിയാണ് അരാജകവാദികളുടെ പുതിയ താരം. മോദിവിരുദ്ധ, ബിജെപി വിരുദ്ധ, ഇന്ത്യാവിരുദ്ധ നീക്കങ്ങൾ ആരു നടത്തിയാലും അന്ധമായി പിന്തുണക്കുന്ന പ്രതിപക്ഷം ഇപ്പോൾ അവരിലാണ് പ്രതീക്ഷ അർപിക്കുന്നത്. അധികാരതിമിരം ബാധിച്ച അവരുടെ മോദിവിരോധം ഇന്ത്യാവിരോധമായി മാറിയിരിക്കുന്നു.

നെഹ്രുവിന്റെ പ്രധാനമന്ത്രിപദം പോലും അധാർമികവും സംഘടനാവിരുദ്ധവും ജനഹിതത്തിനെതിരും ജനാധിപത്യവിരുദ്ധവുമായിരുന്നു. ഭാരതത്തിലെ മുഴുവൻ കോൺഗ്രസ് പ്രദേശ് കമ്മറ്റികളും നേതൃസ്ഥാനത്തേക്ക് സർദാർ പട്ടേലിന്റെ പേര് നിർദേശിച്ചെങ്കിലും ഗാന്ധിജിയുടെ ബലത്തിൽ നെഹ്രു പ്രധാന്ര്രമന്തി ആകുകയായിരുന്നു.
മോദി ഒരു വർഷത്തിനുള്ളിൽ പുറത്താകുമെന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരസ്യമായി പറയുന്നത്. അതിന്റെ യുക്തി എന്താണ്? ഒരു ജനാധിപത്യരാജ്യത്ത് അഞ്ചുവർഷത്തേക്ക് ജനങ്ങൾ വോട്ടുനൽകി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ഒരു പ്രധാനമന്ത്രിയെ താഴെയിറക്കുമെന്നാണ് ഇടക്കിടെ ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ പറയുന്നത്. അതായത്, ജനാധിപത്യത്തിന് പ്രതിപക്ഷ നേതാവ് പുല്ലുവിലയേ കൽപിക്കുന്നുള്ളു എന്നർത്ഥം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെയാണ് ജനാധിപത്യവിരുദ്ധമായി താഴെയിറക്കാൻ പ്രതിപക്ഷം ഏത് ചെകുത്താനേയും കൂട്ടുപിടിക്കുന്നത്. അത് ഇന്ദിരാഗാന്ധി 1975ൽ ജനാധിപത്യം അട്ടിമറിച്ച് പ്രധാനമന്ത്രിക്കസേര വിടാൻ മനസില്ലാതെ ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ച അടിയന്തരാവസ്ഥയുടെ അതേ മാനസികാവസ്ഥയാണ് ഇന്ദിരയുടെ കൊച്ചുമകൻ രാഹുൽ ഗാന്ധിയിലുമുള്ളത്.

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും കാൽ നൂറ്റാണ്ടുകാലം തെരഞ്ഞെടുപ്പിലൂടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതൃസ്ഥാനത്ത് മോദിയുണ്ട്. ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്ത നേതൃത്വത്തെ അംഗീകരിക്കാൻ കുടുംബവാഴ്ച അവകാശമായി കരുതുന്ന നെഹ്റുകുടുംബത്തിന് കഴിയുന്നില്ല. അതും അടിയന്തരാവസ്ഥയുടെ മനോനിലയാണ്.
ഗുജറാത്തുകലാപം മോദിയുടെമേൽ കെട്ടിവച്ചു. നിരന്തരമായി പാർലമെന്റ് സ്തംഭിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ഏഴു പതിറ്റാണ്ടായി പരിഹരിക്കാതെ അടയിരുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് ശ്രമിച്ചപ്പോഴൊക്കെ പ്രതിപക്ഷം പ്രതിബന്ധമായി നിന്നു. ആർട്ടിക്കിൾ 370 എടുത്തു കളയുന്നതിലും രാമക്ഷേത്ര നിർമാണത്തിലും സിഎഎ വിഷയത്തിലും തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിലും മുത്തലാഖ് വിഷയത്തിലും കാർഷികനിയമനിർമാണത്തിലും ആധാർ, റഫാൽ, നോട്ട് നിരോധനം, ഇവിഎം, ജിഎസ്ടി, സിഎഎ, സെൻട്രൽ വിസ്റ്റ, പിഎംഎൽഎ, യുഎപിഎ തുടങ്ങി ഏതിലും അവർ പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. സർജിക്കൽ സ്ട്രൈക്കിൽ സംശയാലുക്കളായും ഓപ്പറേഷൻ സിന്ദൂറിലെ വിജയത്തിൽ വിസമ്മതിച്ചും രാജ്യരക്ഷക്കായുള്ള ആയുധശേഖരത്തെ വിമർശിച്ചും ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായ ഇന്ത്യയുടേത് ഒരു ഡെഡ് ഇക്കണോമിയാണെന്ന് രാഹുൽ പറഞ്ഞു നടന്നതും ദേശവിരുദ്ധ നിലപാടുകളാണ്.
മുപ്പത്തഞ്ച് വർഷം ഇടതുപക്ഷം ഭരിച്ച ബംഗാളും ത്രിപുരയും കേരളവും അടിവരയിട്ട് വിളിച്ച് പറഞ്ഞത് ‘ലെഫ്റ്റ്’ പാർട്ടികൾ ‘റൈറ്റ്’ സൈഡിൽ സഞ്ചരിക്കുന്നില്ല എന്നാണ്. സിപിഐ ആകട്ടെ, അടിയന്തരാവസ്ഥയിൽ കൊൺഗ്രസിനൊപ്പമായിരുന്നു. അവരുടെ നേതാവ് സി. അച്യുതമേനോനായിരുന്നല്ലോ മുന്നണിയുടെ മുഖ്യമന്ത്രി.
കേരള യുഡിഎഫിലെ വലിയ കക്ഷി കോൺഗ്രസ് ആണെങ്കിലും 11 ദിവസത്തെ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് തീരുമാനിച്ച മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടേയും മുസ്ലിം ലീഗിന്റേയും നോമിനിയാണ്. അതുകൊണ്ടുതന്നെയാണ് മുസ്ലീം ലീഗുകാർ പെരുവഴിയിൽ ആടിനെ പ്രദർശിപ്പിച്ച് ആൾക്കൂട്ടത്തിന് നടുവിൽ പരസ്യമായി തലയറുത്ത് കേരള ചരിത്രത്തിൽ ആദ്യമായി അത് ട്രോഫിയായി ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. അവരുടെ അജണ്ട നടപ്പാക്കാൻ മെയ്‌വഴക്കമുള്ളയാളാണ് വി.ഡി. സതീശൻ.
ബംഗാളിൽ മതം പറഞ്ഞ് വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപെട്ടവർക്ക് നികുതിദായകരുടെ പണംകൊണ്ട് മമത പതിനായിരക്കണക്കിന് രൂപ സ്‌റ്റൈപെൻഡ് നൽകി. 75 മുസ്ലീം ഗ്രൂപ്പുകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. പൊതുവഴി അടച്ച് പെരുവഴിയിലും മതപ്രവർത്തനം നടത്താൻ കയറൂരി വിട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മതേതരം എന്നാൽ ഇവർക്കെല്ലാം ന്യൂനപക്ഷ പ്രീണനമാണ്. അവർ ഭരണഘടന ഉയർത്തിക്കാട്ടുമ്പോഴും തീവ്രവാദികളും മതനിരപേക്ഷതക്ക് ഭീഷണിയുമായ മുസ്ലിം തീവ്രവാദസംഘടനകളുമായി നിർലജ്ജം സഖ്യരാഷ്‌ട്രീയം കളിക്കുകയാണ്.
അതിർത്തി സുരക്ഷിതമാക്കാൻ ബോർഡർ ഫെൻസിംഗിന് ബിഎസ്എഫിന് മമത ഭൂമി കൈമാറിയില്ല. തുറന്ന അതിർത്തിയിലൂടെ ബംഗ്ലാദേശി മുസ്ലീങ്ങൾ ബംഗാളിലേക്ക് പ്രവേശിച്ച് സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്‌ട്രീയ മേഖലകളിൽ തദ്ദേശവാസികൾക്ക് ഭീഷണിയായിത്തീർന്നു. കോൺഗ്രസ്, ഇടത്, തൃണമൂൽ ഭരണങ്ങൾക്ക് ദേശസുരക്ഷ ഒരു വിഷയമേ ആയിരുന്നില്ല.
പ്രീണനം നയമാക്കിയ സർക്കാരുള്ളിടത്ത് പോലീസ്-നിയമ സംവിധാനങ്ങളിൽനിന്ന് അക്രമം, തീവ്രവാദം, മതധ്രുവീകരണം, ദേശവിരുദ്ധത എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നീതിയാണ് പ്രതീക്ഷിക്കാനാകുക?
സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ബംഗ്‌ളാദേശ് അതിർത്തി വേലികെട്ടി ഭദ്രമാക്കുകയാണ്. ബംഗ്‌ളാദേശികൾ കൂട്ടത്തോടെ മടക്കയാത്രയിലാണ്. അതോടെ ഭാരതത്തെ ശിഥിലമാക്കാൻ തുനിഞ്ഞിറങ്ങിയ ബംഗ്‌ളാ തീവ്രവാദികൾ സുരക്ഷിത താവളമായി കാണുന്നത് കോൺഗ്രസ്സോ അവരുടെ കൂട്ടുകക്ഷി ഭരണമുള്ളതോ ആയ സംസ്ഥാനങ്ങളാണ്. പത്തനംതിട്ടയിലെ കോയിപ്രം പഞ്ചായത്തില പൂവത്തൂരിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി താമസിച്ചിരുന്ന ബംഗാളി ഭായ് ജുവൽ കിംഗ് എന്ന ബംഗ്‌ളാദേശി ഭീകരൻ ആയിരുന്നു എന്ന തിരിച്ചറിവ് ഞെട്ടലോടെ നാം കേട്ടത് ഈ ആഴ്ചയിലാണ്. കുടുംബത്തോടെ ബംഗാളികളെന്ന പേരിൽ ഇവിടെയെത്തുന്നവരിൽ അനേകം ബംഗ്‌ളാദേശികളും രോഹിങ്ക്യനുകളുമുണ്ടെന്ന യാഥാർത്ഥ്യം സാധാരണക്കാർക്കുപോലും അറിയാമെങ്കിലും കമ്യൂണിസ്റ്റു-കോൺഗ്രസ് മുന്നണികൾ മമതയെപ്പോലെ അവർക്കുനേരെ കണ്ണടക്കുകയാണ്. കരുനാഗപ്പള്ളിയിൽനിന്ന് ഇവർക്കുവേണ്ടി വ്യാജരേഖകൾ നിർമിച്ചുനൽകുന്നവരെ പിടികൂടുകയുണ്ടായി. കേരളം കോൺഗ്രസ്-ലീഗ് ഭരണത്തിൽ അതിവേഗം പഴയ ബംഗാളാവുകയാണ്. മലയാളി സ്ത്രീകളെ വിവാഹം കഴിക്കുകയും ഭൂമിയും കച്ചവടസ്ഥാപനങ്ങളും വാങ്ങിക്കൂട്ടുകയും ചെയ്യുന്ന അവർ അധികം താമസിയാതെ മലയാളികളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാവുമെന്നതിൽ സംശയമില്ല.

ഇന്ദിര ഇന്ത്യയാണ് എന്ന് ബറുവ പറഞ്ഞതുപോലെ രാഹുൽ ആണ് ഇന്ത്യ എന്നു ചിന്തിക്കുന്ന കോൺഗ്രസുകാർ ഏറെയാണ്. ജനങ്ങൾ പാർട്ടിയെ ഉപേക്ഷിച്ചു. ആകെ നാലു സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങി. എന്നിട്ടും ഭരണാവകാശം തങ്ങൾക്കാണെന്ന് യാഥാർത്ഥ്യത്തിൽനിന്ന് ബഹുദൂരം അകലെയായ രാഹുൽ കരുതുന്നു. കോൺഗ്രസ് വിജയിക്കാത്തത് ഇവിഎമ്മുകളെല്ലാം മോദി മാനിപ്പുലേറ്റ് ചെയ്യുന്നതുകൊണ്ടാണെന്ന് രാഹുൽ ആരോപിക്കുന്നു. എൻഡിഎയുടെ തെരഞ്ഞെടുപ്പു വിജയങ്ങളെല്ലാം വോട്ടു ചോരിയാണെന്ന് വിളിച്ചുപറയുന്നു. അനുകൂലമല്ലാത്ത കോടതിവിധിയെല്ലാം മോദി സ്വാധീനിക്കുന്ന കമിറ്റഡ് ജുഡീഷ്യറി മൂലമാണെന്ന് വാദിക്കുന്നു. ജനാധിപത്യത്തിന്റെ നിലനിൽപിനാവശ്യമായ സ്ഥാപനങ്ങളെയെല്ലാം രാഹുലും കൂട്ടരും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്.
ജനങ്ങൾ തുടർച്ചയായി തിരസ്‌കരിക്കുന്നതുകൊണ്ട് അധികാരം പിടിച്ചെടുക്കാൻ കുറുക്കുവഴികൾ തേടുകയാണവർ. ബംഗ്‌ളാദേശിലേയും നേപ്പാളിലേയും സംഭവവികാസങ്ങൾ ഇന്ത്യയിൽ ആവർത്തിക്കുമെന്നവർ ആർത്തിയോടെ കിനാവു കാണുന്നു. ജനാധിപത്യം തകരുന്നതിൽനിന്ന് നേട്ടമുണ്ടാക്കാമെന്നവർ വ്യാമോഹിക്കുകയാണ്. അതിന് ഭീമമായ വിദേശഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നതും രഹസ്യമല്ല.
ജെൻസി കലാപങ്ങൾ നടന്ന ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലെല്ലാം ഗാർഡിയനു വേണ്ടി റിപ്പോർട്ട് ചെയ്ത് ഹന്നാ എലീസ് പീറ്ററിനേപ്പോലുള്ള അനേകം മാദ്ധ്യമ പ്രവർത്തകർ ഇന്ത്യയിലാകെ കറങ്ങുന്നതും കാത്തിരിക്കുന്നതും മോദിക്കെതിരെയുള്ള ഒരു കലാപത്തിനാണ്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ റിപ്പോർട്ടു ചെയ്യാൻ പാറ്റകളുടെ പ്രതിഷേധം നടക്കുന്ന ജന്ദർ മന്ദിറിലും വന്നിരുന്നു.
ഹസീനയോ ഒലി ശർമ്മയോ രാജപക്ഷയോ അല്ല മോദി. ബംഗ്ലാദേശോ നേപ്പാളോ ശ്രീലങ്കയോ അല്ല ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലെ ജെൻസികൾ മോദിയുടെ കൂടെയാണ്. ജെൻസികൾ മോദിയെ താഴെയിറക്കാനല്ല, 2047ൽ ഭാരത സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത ഭാരതം കെട്ടിപ്പടുത്ത് ലോകഗുരുവായി ഭാരതത്തെ പ്രതിഷ്ഠിക്കാൻ മോദിക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. സിസ്റ്റം മാറ്റാനല്ല, അരക്കിട്ടുറപ്പിച്ച് കൂടുതൽ കരുത്തോടെ മോദിക്കൊപ്പം മുന്നേറാനാണ് അവർക്കിഷ്ടം.
അതുകൊണ്ടാണ് ബിജെപി അനുദിനം വളർന്നതും 2004ൽ 53 സീറ്റുകൾ ഉണ്ടായിരുന്ന കമ്യൂണിസ്റ്റു പാർട്ടി 2009-ൽ 20, 2014-ൽ 10, 2019-ൽ 5, 2024 ൽ 6 എന്നായി ചുരുങ്ങിയതും! കമ്യൂണിസ്റ്റുകൾ ഇന്ന് ഒരു സംസ്ഥാനത്തും ഭരണത്തിലില്ല.
1984 ൽ വെറും രണ്ടു സീറ്റുണ്ടായിരുന്ന ബിജെപി 1999-ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി ഭരണത്തിലേറി. 2014-ൽ 282 സീറ്റോടെ നരേന്ദ്ര മോദിയെ ജനങ്ങൾ കേന്ദ്രഭരണം ഏൽപിച്ചു. അതിനുശേഷം ഇന്നേവരെ അവർ മോദിയേയും എൻഡിഎയും കൈവിട്ടിട്ടില്ല.
അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
ഏകാധിപത്യത്തിലൂടെ തട്ടിപ്പറിച്ചെടുക്കാവുന്ന ഒന്നല്ല ജനാധിപത്യമെന്ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ തെളിയിച്ചു. അവരുടെ പിൻതലമുറക്കാരിലാവട്ടെ അടിയന്തരാവസ്ഥ ഒഴിയാബാധയായി തുടരുകയാണ്.

(എം. രാജശേഖര പണിക്കർ. 9447916529 …അടിയന്തരാവസ്ഥക്കെതിരെ ലോകസംഘർഷ സമിതിയുടെ ആഹ്വാനപ്രകാരം സമരം നടത്തി മർദനമേൽക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്ത മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ് ലേഖകൻ)



By admin