• Thu. Jun 25th, 2026

24×7 Live News

Apdin News

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Byadmin

Jun 25, 2026


കശ്മീര്‍: വരാനിരിക്കുന്ന ജൂലൈ 27-ന് പാക് അധീന കശ്മീരില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികള്‍ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനകീയ സമരം ഇപ്പോള്‍ പാക് ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിാത്ത വിധം വളര്‍ന്നു. പാകിസ്താൻ സൈന്യം കടുത്ത അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഇതുവരെ 20-ഓളം പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവിധ സംഘടനകളുടെ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ അഭയാർത്ഥികള്‍ക്കായി പാക് അധീന കശ്മീരിലെ നിയമസഭയില്‍ മാറ്റിവെച്ചിരുന്ന 12 സംവരണ സീറ്റുകള്‍ നിർത്തലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൻ സംഘർഷത്തിന് പെട്ടെന്നുള്ള കാരണമായത്. 38 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഇസ്‌ലാമാബാദിന് സമർപ്പിച്ച സമിതി, നടപടിയെടുക്കാനായി ജൂണ്‍ 23 വരെയാണ് സമയം അനുവദിച്ചത്. ഈ സമയം അവസാനിച്ചതോടെ സമരം കൂടുതല്‍ അക്രമാസക്തമാകുമെന്ന് കരുതുന്നു. ഇനി റാവലാകോട്ടില്‍ നിന്ന് ഭരണസിരാകേന്ദ്രമായ മുസാഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്തി വൻ മാർച്ച്‌ നടത്തുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

‘കഴിഞ്ഞ എഴുപത് വർഷമായി നിങ്ങള്‍ ഇവിടെ എന്ത് പൂക്കളാണ് നട്ടുപിടിപ്പിച്ചത്? ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്ന് ആരോപിക്കുന്ന നിങ്ങള്‍, ഇത്രയും കാലം ഈ പ്രദേശം ഭരിച്ചിട്ട് ഇവിടെയുള്ള ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നല്‍കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?’ എന്ന് സമരസമിതി കടുത്ത ഭാഷയില്‍ പാക് നേതൃത്വത്തോട് ചോദിച്ചു

പ്രക്ഷോഭം ഭയന്ന് മേഖലയില്‍ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനെയെല്ലാം കാറ്റില്‍പ്പറത്തി സ്ത്രീകളും വിദ്യാർത്ഥികളും കുട്ടികളുമാണ് ഇപ്പോള്‍ സമരത്തിന്റെ മുൻനിരയിലുള്ളത്.
റാവലാകോട്ട് ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ തടിച്ചുകൂടി.
റാവലാകോട്ടിലെ ഈദ്ഗാ ഗ്രൗണ്ടില്‍ കഴിഞ്ഞ 14 ദിവസമായി തുടരുന്ന വൻ ജനകീയ ധർണ്ണയില്‍ ഇതുവരെ എഴുപതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.

സുധ്നോതി ജില്ലയിലെ തരാർ ഖേലില്‍ സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടി പാക് സൈന്യത്തിനെതിരെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചു. മാൻധോളില്‍ ഡസൻകണക്കിന് സ്ത്രീകളാണ് പാകിസ്താന്റെ രാഷ്‌ട്രീയ-സൈനിക മേധാവിത്വത്തെ അപലപിച്ചും സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തെരുവിലിറങ്ങിയത്. റാവലാകോട്ടിലെ പ്രധാന സമരവേദിയില്‍ ‘പാക് സൈന്യമേ പുറത്തുപോകൂ’, ‘ഞങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ വേണം’, ‘സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കൂ’ എന്നീ പ്ലക്കാർഡുകള്‍ ഏന്തിയാണ് കുട്ടികള്‍ പ്രതിഷേധിക്കുന്നത്.



By admin