• Thu. Jun 25th, 2026

24×7 Live News

Apdin News

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

Byadmin

Jun 25, 2026


ന്യൂദല്‍ഹി: നീറ്റ്‌ യു.ജി പുനഃപരീക്ഷയില്‍ നാഗ്‌പുരിലെ വിദ്യാര്‍ഥിക്ക്‌ അബുദാബിയാണ് പരീക്ഷാകേന്ദ്രമായി കിട്ടിയതെന്ന അബ്ദുള്ള താലിബിന്റെ വാദം പൊളിച്ചടുക്കി നീറ്റ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി(എന്‍ടിഎ). അബ്ദുള്ള താലിബിന്റെ മകന്‍ അബുദാബിയും ദുബായും തന്നെയാണ് പരീക്ഷ കേന്ദ്രമായി ചോദിച്ചത്. ഈ വിവാദം എന്‍ടിഎയെ അനാവശ്യമായി വിവാദകേന്ദ്രമാക്കി നിര്‍ത്താനുള്ള ഗൂഢാലോചനയാണെന്ന് കരുതുന്നു.

അബ്ദുള്ള താലിബിന്റെ മകന്‍ ഒന്നും രണ്ടും മുന്‍ഗണനകളായി അബുദാബിയും ദുബായ്‌യും തെരഞ്ഞെടുത്തതെന്നാണ്‌ എന്‍.ടി.എ വ്യക്‌തമാക്കുന്നത്‌. എന്നാല്‍, തന്റെ മകന്‍ നാഗ്‌പൂരും വാര്‍ധയും ഭണ്ഡാരയുമാണു പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടതെന്നായിരുന്നു വിദ്യാര്‍ഥിയുടെ പിതാവ്‌ അബ്‌ദുള്ള താലിബിന്റെ ആരോപണം.

നാഗ്‌പൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക്‌ അബുദാബിയില്‍ പരീക്ഷാകേന്ദ്രം ലഭിച്ചതിനു പിന്നാലെ വന്‍ വിവാദം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ എന്‍.ടി.എ വിശദീകരണവുമായി രംഗത്തെത്തിയത്‌. മേയ്‌ 3-ലെ പരീക്ഷയുടെ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാനുപയോഗിച്ച അതേ ഐ.പി അഡ്രസ്‌ തന്നെയാണ്‌ പരീക്ഷാകേന്ദ്രം മാറ്റാനും ഉപയോഗിച്ചിരിക്കുന്നതെന്ന്‌ എന്‍.ടി.എ പറയുന്നു. ഇക്കാര്യം ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചിട്ടുണ്ടെന്നാണു വെളിപ്പെടുത്തല്‍.

മേയ്‌ 21-ന്‌ വിദ്യാര്‍ഥി ലോഗിന്‍ ചെയ്‌ത്‌ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്നും ആദ്യ ഓപ്‌ഷനായി അബുദാബിയും രണ്ടാമതായി ദുബായ്‌യും നല്‍കിയെന്നും എന്‍.ടി.എ ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി. നാഗ്‌പൂരിലുള്ള ഇതേ ഐ.പി അഡ്രസില്‍നിന്നു തന്നെയാണ്‌ മേയ്‌ 24-ന്‌ റീഫണ്ടിനുള്ള ബാങ്ക്‌ വിവരങ്ങള്‍ പുതുക്കിയത്‌. ജൂണ്‍ 10-ന്‌ സിറ്റി ഇന്‍ഫാര്‍മേഷന്‍ സ്ലിപ്പ്‌ എടുത്തതും ജൂണ്‍ 16-ന്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തതും ഇതിലാണ്‌. മൂന്നുതവണ പരീക്ഷാകേന്ദ്രം അബുദാബിയാക്കി മാറ്റിയിട്ടുണ്ടെന്നും രണ്ടുതവണ ഇത്‌ പ്രിവ്യൂ ചെയ്‌ത്‌ ഉറപ്പുവരുത്തിയെന്നുമാണ്‌ എന്‍.ടി.എയുടെ എക്‌സ്‌ പോസ്‌റ്റില്‍ പറയുന്നത്‌.

 

 



By admin