സാവോ പോളോ: ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർക്കൊപ്പം ഒരേ ഡ്രസ്സിംഗ് റൂം പങ്കിടാൻ ഭാഗ്യം ലഭിച്ച അപൂർവ്വം താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോ.
മൂന്ന് സൂപ്പർതാരങ്ങളുടെയും വ്യക്തിത്വങ്ങളെയും കരിയറിലെ അച്ചടക്കത്തെയും താരതമ്യം ചെയ്തുകൊണ്ട് സാന്റോസ് താരമായ ആർതർ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ശ്രദ്ധേയമാകുകയാണ്.
റൊണാൾഡോയുടെ അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തെക്കുറിച്ച് സംസാരിക്കവെ, പോർച്ചുഗീസ് ഇതിഹാസത്തെ ഒരു ‘റോബോട്ട്’ എന്നാണ് ആർതർ വിശേഷിപ്പിച്ചത്.
മൂന്ന് ഇതിഹാസങ്ങൾക്കൊപ്പമുള്ള അപൂർവ്വ യാത്രബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയിലൂടെ വളർന്നുവന്ന ആർതർ, 2018-നും 2020-നും ഇടയിൽ ബാഴ്സലോണയിൽ ലയണൽ മെസ്സിക്കൊപ്പം 60 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
തുടർന്ന് മിറാലെം പ്യാനിച്ചുമായുള്ള സ്വാപ്പ് ഡീലിലൂടെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ എത്തിയ താരം, അവിടെ ഒരു സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ചു.
ഈ വർഷം (2026) ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ എത്തിയതോടെ ദേശീയ ടീമിലെ സഹതാരമായ നെയ്മറുമായും ആർതർ വീണ്ടും ഒത്തുചേർന്നു.
‘റോബോട്ടിനെപ്പോലെ’ അച്ചടക്കമുള്ള റൊണാൾഡോ
ഇഎസ്പിഎന്നിന്റെ (ESPN) ‘ബോല ഡാ വെസ്’ (Bola da Vez) എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആർതർ മൂന്ന് താരങ്ങളെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.
ഡ്രസ്സിംഗ് റൂമിൽ മെസ്സി വളരെ ശാന്തനും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമാണെങ്കിൽ, നെയ്മർ എത്തുമ്പോൾ എല്ലാവരോടും തമാശകൾ പറഞ്ഞ് ആവേശം നിറയ്ക്കുന്ന വ്യക്തിയാണെന്ന് ആർതർ പറയുന്നു.
എന്നാൽ ഭക്ഷണകാര്യത്തിലും ഫിറ്റ്നസിലും റൊണാൾഡോ പുലർത്തുന്ന കണിശത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആർതർ ഓർത്തെടുത്തു.
യുവന്റസിലെ ക്യാന്റീനിൽ വെച്ച് തന്റെ പ്ലേറ്റിലുണ്ടായിരുന്ന പാസ്തയും മാംസവും ഉരുളക്കിഴങ്ങും കണ്ട റൊണാൾഡോ, “ചങ്ങാതീ, ഇത് നല്ലതല്ല” എന്ന് പറഞ്ഞ് സ്വന്തം പ്ലേറ്റിലെ അളന്നുതിട്ടപ്പെടുത്തിയ ബ്രൗൺ റൈസും ചിക്കനും കാണിച്ചുതന്ന സംഭവവും ആർതർ പങ്കുവെച്ചു.
“അദ്ദേഹം അത് എന്നെ കളിയാക്കാൻ പറഞ്ഞതല്ല, മറിച്ച് സഹായിക്കാൻ വേണ്ടിയായിരുന്നു. അത്രത്തോളം വലിയ പ്രൊഫഷണലിസം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. ആളുകൾ അദ്ദേഹത്തെ റോബോട്ട് എന്ന് വിളിക്കുന്നത് വെറുതെയല്ല, അവൻ ശരിക്കും ഒരു റോബോട്ട് തന്നെയാണ്” എന്ന് ആർതർ പറഞ്ഞു.
സൗഹൃദം പോലും മറക്കുന്ന വിജയദാഹം
വ്യക്തിത്വത്തിൽ വ്യത്യസ്തരാണെങ്കിലും മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം അവരുടെ അടങ്ങാത്ത വിജയദാഹമാണെന്ന് ആർതർ ചൂണ്ടിക്കാട്ടുന്നു.
“മൂവർക്കും പൊതുവായ ഒരു സ്വഭാവമുണ്ട്; അവർ ജന്മനാ വിജയികളാണ്. ഒരു കാര്യവും പകുതിമനസ്സോടെ ചെയ്യാൻ അവർ തയ്യാറല്ല. ഏത് ചെറിയ കളിയിലാണെങ്കിലും ജയിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.
ഒരു തമാശക്കളിയിൽ പോലും തോറ്റാൽ അവർക്ക് ദേഷ്യം വരും, ‘നമുക്ക് ഒരിക്കൽ കൂടി കളിക്കാം’ എന്ന് അവർ വാശിപിടിക്കും.
ഇത്രയധികം കിരീടങ്ങൾ നേടണമെങ്കിൽ ഇത്തരമൊരു പ്രത്യേകത വേണം. ചിലപ്പോൾ ഒരു സൗഹൃദത്തെ പോലും തകർക്കാൻ തക്കവണ്ണം തീവ്രമാണ് ഇവരുടെ മത്സരബുദ്ധി” എന്ന് ആർതർ കൂട്ടിച്ചേർത്തു.