
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച ആർഎസ്എസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശിയായ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് നടപടിയെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു വാർത്താ മാധ്യമത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്‌ക്ക് താഴെ അനിൽകുമാർ രേഖപ്പെടുത്തിയ കമന്റാണ് കേസിനാധാരം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കിഷോർ എന്നയാൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്‌ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം.
കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമന്റിൽ ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, ഈ ഫെയ്‌സ്ബുക്ക് പ്രതികരണം ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമുണ്ടാക്കുന്നതാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.