
ചെന്നൈ: തമിഴ്നാടിന്റെ സ്വാതന്ത്ര്യസമരനായകനായ വീരപാണ്ഡ്യ കട്ട ബൊമ്മനെ ബ്രിട്ടീഷുകാരുമായി ഗൂഢാലോചന നടത്തി പിന്നില്‍ നിന്നും കുത്തിയ എട്ടപ്പന്‍ ആണ് ഡിഎംകെയെന്ന് രാഹുല്‍ഗാന്ധി. ഇനി മുതല്‍ ഭിക്ഷാപാത്രവുമായി ചെന്നൈയിലേക്ക് വരേണ്ടെന്ന ശക്തമായ മറുപടിയാണ് ഇതിന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ നല‍്കിയത്.
തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു മഹാനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു വീരപാണ്ഡ്യ കട്ടബൊമ്മൻ. കട്ടബൊമ്മനെ പിന്നിൽ നിന്ന് കുത്താൻ ബ്രിട്ടീഷുകാരുമായി ഗൂഢാലോചന നടത്തിയ വ്യക്തിയാണ് എട്ടപ്പൻ. ആ എട്ടപ്പനാണ് ഡിഎംകെയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലോക് സഭാ മണ്ഡലങ്ങളുടെ എണ്ണം 540ല്‍ നിന്നും 850 ആക്കി ഉയര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നടപടിയെ ഡിഎംകെ പിന്തുണയ്‌ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിമര്‍ശനം.
എന്നാല്‍ ഇതിന് ഡിഎംകെ നേതാവ് സ്റ്റാലിനില്‍ നിന്നും ചുട്ടമറുപടിയാണ് രാഹുലിന് കിട്ടിയത്. ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയ എട്ടപ്പന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണെന്നായിരുന്നു സ്റ്റാലിന്റെ മറുപടി. രാഹുല്‍ ഗാന്ധി ഇനി മുതല്‍ ഭിക്ഷാപാത്രവുമായി ചെന്നൈയിലേക്ക് വരേണ്ടതില്ലെന്നും സ്റ്റാലിന്‍ രാഹുലിനോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എല്ലാക്കാലത്തും അഭയം നല്‍കിയ പാര്‍ട്ടിയാണ് ഡിഎംകെ. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി ആരാകണം എന്ന സംശയമുണ്ടായിരുന്ന കാലത്ത് രാഹുല്‍ ഗാന്ധിയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പരസ്യപ്രസ്താവന നടത്തിയ ആളാണ് എം.കെ. സ്റ്റാലിന്‍. എന്നാല്‍ കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം കളംമാറ്റിച്ചവുട്ടിയത് ഡിഎംകെയെ ഞെട്ടിച്ചു. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന ജോസഫ് വിജയിന് പിന്തുണ നല്‍കുകയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചു. ഇതോടെ ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള ശത്രുത ശക്തമായി. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ അനുകൂലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് 22 എംപിമാരുള്ള ഡിഎംകെ. ഇത് കോണ്‍ഗ്രസിനും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.