
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുളള മഴക്കുറവും താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവ് ഉളളത് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു.സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും ഉണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10.30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാന്‍ഡ് സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്‍ഡിന് തുല്യമാണ്. മുന്‍കാലങ്ങളില്‍ സെപ്തംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടി. പുറമെ മധ്യപ്രദേശില്‍ നിന്നും കൈമാറ്റകരാര്‍ വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ശനിയാഴ്ച ലഭിക്കാത്തിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി നേരിടുന്നു. ഏകദേശം 900 മുതല്‍ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാനാണ് സാധ്യത.