
ന്യൂദൽഹി : കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ പുറത്തുവന്നതിന് പിന്നാലെയുണ്ടായ രാഷ്‌ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വഹിന്ദു പരിഷത്ത് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബാബ്റി മസ്ജിദ് തകർച്ച മുതൽ ബട്ല ഹൗസ് എൻകൗണ്ടർ വരെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുമുള്ള പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നതെന്ന് വിഎച്ച്പി ആരോപിച്ചു.
ബാബ്റി മസ്ജിദ് തകർത്തപ്പോൾ സോണിയാ ഗാന്ധി ദുഃഖം പ്രകടിപ്പിക്കുകയും കണ്ണീർ പൊഴിക്കയും ചെയ്തിരുന്നു എന്ന് അവരുടെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ ആരോപിച്ചു. എന്നാൽ കശ്മീരിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടപ്പോഴോ, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടപ്പോഴോ അല്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കൾ വേട്ടയാടപ്പെട്ടപ്പോഴോ സോണിയാ ഗാന്ധി ഇതേ രീതിയിലുള്ള ആകുലതയോ പ്രതികരണമോ പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
കൂടാതെ 2008-ലെ ദൽഹി ബട്ല ഹൗസ് ഏറ്റുമുട്ടലിൽ ഭീകരവാദികൾ വധിക്കപ്പെട്ടപ്പോൾ സോണിയാ ഗാന്ധി ദുഃഖം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ ആ ഓപ്പറേഷനിടയിൽ വീരമൃത്യു വരിച്ച ധീരനായ പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ്മയുടെ ബലിയെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയെക്കുറിച്ചോ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ് ചെയ്തതെന്നും വിഎച്ച്പി ചൂണ്ടിക്കാണിച്ചു.
ഇതിനു പുറമെ രാഷ്‌ട്രീയ ലാഭത്തിനും പ്രത്യേക വോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടുമാണ് ഇത്തരം തിരഞ്ഞെടുപ്പ് കാല പ്രസ്താവനകളും നിലപാടുകളും കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം നിലപാടുകൾക്കും പരാമർശങ്ങൾക്കും സോണിയാ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പരസ്യമായി മാപ്പ് പറയണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.