സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, വൻ നീക്കത്തിനൊരുങ്ങി തിരുവനന്തപുരം കൊമ്പൻസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കേർവൻസ് ബെൽഫോർട്ടിനെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് തിരുവനന്തപുരം മാനേജ്മെന്റ്. ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ കുതിപ്പ് ലക്ഷ്യമിട്ടാണ് ഹെയ്തി താരത്തെ വീണ്ടും കേരളത്തിലേക്ക് എത്തിക്കാൻ കൊമ്പൻസ് കളമൊരുക്കുന്നത്.
സൂപ്പർ ലീഗ് കേരളയിൽ ഇതിനുമുമ്പും കളിച്ചു പരിചയമുള്ള താരമാണ് ബെൽഫോർട്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിക്ക് വേണ്ടിയുള്ള ഹെയ്തി താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഒരിക്കൽക്കൂടി കേരളത്തിന്റെ ഫുട്ബോൾ മണ്ണിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
മലയാളി ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബെൽഫോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ താരം ആരാധകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയെടുത്തിരുന്നു. കേരളത്തിന്റെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ സ്റ്റീവ് കോപ്പലിന്റെ കീഴിൽ കളിച്ച താരം, ബ്ലാസ്റ്റേഴ്സിനായി 15 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ആ സീസണിൽ കേരളത്തിന്റെ മധ്യനിരയിലും മുന്നേറ്റത്തിലും താരം കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഐ.എസ്.എൽ ക്ലബ്ബായ ജംഷദ്പൂർ എഫ്.സിക്കും ബെൽഫോർട്ട് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
ഇന്ത്യ വിട്ടുപോയതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സിനോടുള്ള തന്റെ സ്നേഹം താരം പലതവണ പരസ്യമാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലും സന്തോഷങ്ങളിലും പങ്കുചേർന്ന് ബെൽഫോർട്ട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം രംഗത്തെത്താറുമുണ്ട്.
അതിനിടെ, സൂപ്പർ ലീഗ് കേരളയിലെ കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് തിരുവനന്തപുരം കൊമ്പൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിലെ വിജയത്തോടെ കാലിക്കറ്റ് എഫ്.സി ഈ സീസണിൽ സെമി ഉറപ്പിച്ചു. നിലവിൽ സെമി പ്രതീക്ഷകൾ സജീവമാക്കാൻ തിരുവനന്തപുരം കൊമ്പൻസിന് വരാനിരിക്കുന്ന മത്സരങ്ങൾ അതിനിർണായകമാണ്. ബെൽഫോർട്ടിന്റെ വരവ് ടീമിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
The post കേരളത്തിലേക്ക് വീണ്ടുമൊരു തിരിച്ചുവരവോ? ലോകകപ്പിൽ പന്ത് തട്ടിയ താരത്തെ റാഞ്ചാൻ കൊമ്പൻസ് appeared first on Chandrika Daily.