തിരുവനന്തപുരം: തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി എന്നീ മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. കേരളം സന്ദര്‍ശിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്‌ലോഗര്‍മാരുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയും കാലാവസ്ഥയും വിനോദസഞ്ചാര-നിക്ഷേപസാധ്യതകളും ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ വ്‌ലോഗര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, 18 ചെറുകിട തുറമുഖങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ ‘പോര്‍ട്ട് സിറ്റി’യാക്കി മാറ്റും. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷന്‍ ഹബ്ബ് വികസിപ്പിക്കാനും തലസ്ഥാനത്തെയും കൊച്ചിയിലെയും ഐടി കേന്ദ്രങ്ങള്‍ക്ക് പുറമെ വടക്കന്‍ കേരളത്തിലേക്കും ഐടി വ്യവസായം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരത്തിനൊപ്പം കേരളത്തെ ലോകോത്തര ആരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം യൂറോപ്യന്‍ മാതൃകയിലുള്ള മികച്ച റീഹാബിലിറ്റേഷന്‍ സെന്ററുകളും വികസിപ്പിക്കും.
പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പ്രവാസികള്‍ക്ക് കേരളത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്. കോടിക്കണക്കിന് ഫോളോവേഴ്‌സുള്ള വ്‌ലോഗര്‍മാര്‍ കേരളത്തിന്റെ വിനോദസഞ്ചാര, ആരോഗ്യ, നിക്ഷേപ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ പുതിയ വികസന മാതൃകയ്ക്ക് വലിയ പിന്തുണ നല്‍കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളില്‍ നിന്നുള്ള 35 വ്‌ലോഗര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഏകദേശം ഒരു മണിക്കൂറോളം വ്‌ലോഗര്‍മാരുമായി സംവദിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ തനതായ സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഉപഹാരങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പം റീലുകളും ചിത്രീകരിച്ച ശേഷമാണ് സംഘം ക്ലിഫ് ഹൗസില്‍ നിന്നും മടങ്ങിയത്. വരും ദിവസങ്ങളില്‍ ഇവര്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.