• Sun. Nov 22nd, 2026

24×7 Live News

Apdin News

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറിയ ദിവസം നോവസ് അക്കാദമിയില്‍ ആര്‍ ബി സിയുടെ 2 കോടി, പ്രതിഫലമല്ലെന്ന് യു ഷറഫലി, മെസി തട്ടിപ്പില്‍ പുതിയ മാനങ്ങള്‍

Byadmin

Nov 22, 2026



മലപ്പുറം: ലയണല്‍ മെസിയെ കേരളത്തിലെക്കാനുളള ഇടപാടില്‍ സാക്ഷിയായി ഒപ്പുവച്ചതിന്റെ പ്രതിഫലമായാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി(ആര്‍ ബി സി) തന്റെ നോവസ് അക്കാദമിയില്‍ രണ്ട് കോടി രൂപ നിക്ഷേപിച്ചതെന്ന ആരോപണം നിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലി. നോവാസ് അക്കാദമിയുടെ പ്രധാന നിക്ഷേപകരാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെന്നാണ് മുന്‍ ഫുട്ബാള്‍ താരവും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷറഫലി പ്രതികരിച്ചത്.

പണം ഷറഫലി എന്ന വ്യക്തിക്ക് നല്‍കിയതല്ല. മസി കരാറും ആര്‍ബിസിയുടെ നിക്ഷേപവും തമ്മില്‍ ബന്ധമില്ല. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തുകയെന്നതാണ് നോവസ് അക്കാഡമിയുടെ ലക്ഷ്യമെന്ന് യു ഷറഫലി പറഞ്ഞു.

കമ്പനി രൂപീകരിച്ചത് 2022ലാണെന്ന് യു ഷറഫലി പറഞ്ഞു.മെസിയെ എത്തിക്കാനുളള ഇടപാടില്‍ ഒപ്പുവച്ചത് 2024ലാണ്. ഇനിയും അവരില്‍ നിന്നടക്കം ഓഹരി വാങ്ങുമെന്ന് യു ഷറഫലി പറഞ്ഞു. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നത്.

യു ഷറഫലി മാനേജിംഗ് ഡയറക്ടറായ മലപ്പുറത്തെ നോവസ് സോക്കര്‍ അക്കാദമിക്ക് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടു കോടി രൂപ നല്‍കിയതിന്റെ തെളിവ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി യു ഷറഫലി രംഗത്തെത്തിയത്.സംസ്ഥാന സര്‍ക്കാര്‍ അനുമതിക്ക് മുന്‍പേ, സ്‌പോണ്‍സറും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറില്‍ സാക്ഷിയായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റെന്ന നിലയില്‍ യു ഷറഫലി ഒപ്പിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഇതിനുള്ള പ്രതിഫലമായിട്ടാകാം മലപ്പുറം അരീക്കോട്ടെ നോവാസ് സോക്കര്‍ അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ എത്തിയതെന്നാണ് സംശയം.രണ്ടു ഡയറക്ടര്‍മാരുള്ള അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് യു ഷറഫലി. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റം നടന്ന 2025 സെപ്തംബര്‍ 26 നാണ് അക്കാദമിയുടെ അക്കൗണ്ടില്‍ പണമെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം കൈമാറ്റത്തില്‍ സ്‌പോണ്‍സര്‍ക്ക് അഞ്ചു കോടി രൂപയുടെ ഇളവ് നല്‍കിയിരുന്നു.

 

By admin