സഞ്ജുവിനും സംഘത്തിനും മൂന്നാം ജയം; പുതുച്ചേരിയെ വീഴ്ത്തി പടയോട്ടം തുടർന്ന് കേരളം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് മൂന്നാം വിജയം. പുതുച്ചേരിക്കെതിരെയുള്ള മത്സരത്തിൽ 18 റൺസിനാണ് സഞ്ജുവും സംഘവും വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്ക് 186 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
കേരളത്തിനുവേണ്ടി മുഹമ്മദ് അസറുദ്ദീൻ, രോഹൻ കുന്നുമ്മൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. അസറുദ്ദീൻ 48 പന്തിൽ 78 റൺസ് നേടിയപ്പോൾ രോഹൻ 35 പന്തിൽ 59 റൺസും സ്വന്തമാക്കി. വിഷ്ണു വിനോദ് 34 റൺസും ക്യാപ്റ്റൻ സഞ്ജു 17 റൺസും നേടി മികവു കാട്ടിയപ്പോൾ കേരളത്തിന്റെ സ്കോർ 200 കടന്നു.
പുതുച്ചേരിയെ എറിഞ്ഞു വീഴ്ത്തിയത് എം.ഡി നിതീഷാണ്. 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കാർത്തിക് ബി നായർ 2 വിക്കറ്റും ഷറഫുദ്ദീൻ, കെ.എം ആസിഫ് എന്നിവർ ഓരോ വിക്കറ്റും നേടി.
ടൂർണമെന്റിൽ എലൈറ്റ് ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്താണ് സഞ്ജുവും സംഘവും. 5 മത്സരങ്ങളിൽ നിന്നും 3 ജയവും ഒരു സമനിലയുമായി 12 പോയിന്റാണ് കേരളത്തിന്റെ കൈവശമുള്ളത്. നവംബർ 24ന് ആസാമിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.