
പ്രശസ്ത ജ്യോതിഷപണ്ഡിതനും ഗ്രന്ഥകർത്താവും അധ്യാപകനുമായ ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ജ്യോതിഷശാസ്ത്രത്തെ ശാസ്ത്രീയമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും തലത്തിൽ അവതരിപ്പിക്കുന്നതിൽ സവിശേഷമായ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഭൗതികശാസ്ത്രത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയശേഷം കാനഡയിലെ സർവകലാശാലയിൽ ഗവേഷണം നടത്തിയ അദ്ദേഹം അധ്യാപനരംഗത്തും ജ്യോതിഷശാസ്ത്ര മേഖലയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു.
കഴിഞ്ഞ 28 വർഷമായി കേരള സർക്കാരിന്റെ ജ്യോതിഷിയായി സേവനമനുഷ്ഠിക്കുകയും സർക്കാർ കലണ്ടർ തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത അദ്ദേഹം, അനുഷ്ഠാന വിജ്ഞാനകോശം, വാസ്തുജ്യോതിഷം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഭാരതീയ ശാസ്ത്രവിജ്ഞാനത്തെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകി.
അഖില കേരള ജ്യോതിഷശാസ്ത്ര മണ്ഡലത്തിന്റെ അധ്യക്ഷനായിരുന്ന ഡോ. ബാലകൃഷ്ണ വാര്യർ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രപാരമ്പര്യത്തിന്റെ പഠനത്തിനും സംരക്ഷണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗം ജ്യോതിഷശാസ്ത്ര-ക്ഷേത്രപഠന മേഖലകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.