അമരാവതി: ആന്ധ്രപ്രദേശിലെ ലോകപ്രശസ്‌തമായ തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഒറ്റ ദിവസം കൊണ്ട് 6.93 കോടി രൂപയിലധികം റെക്കോഡ് വരുമാനം. ബുധനാഴ്‌ച (സെപ്റ്റംബർ 9) ശേഖരിച്ച കാണിക്കയാണ് റെക്കോഡ് വരുമാനത്തിലേക്ക് ഉയര്‍ന്നത്. ചില അജ്ഞാത ഭക്തർ നൽകിയ വൻതുകയാണ് ഈ പുതിയ റെക്കോഡിന് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിന് മുമ്പ് 2026 ഓഗസ്റ്റ് 18നും കാണിക്ക വരുമാനം 6.12 കോടി രൂപ കടന്നിരുന്നു. സാധാരണയായി പ്രതിദിനം മൂന്നര കോടി മുതല്‍ കോടി മുതൽ അഞ്ച് കോടി രൂപ വരെ ലഭിക്കാറുള്ള തിരുമലയിൽ ഭക്തരുടെ വൻ തിരക്കും വലിയ തുകകളുടെ പ്രത്യേക വഴിപാടുകളുമാണ് വരുമാനം ഉയരുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർധനവ് കാരണം ഞായറാഴ്‌ചത്തെ (സെപ്‌റ്റംബര്‍ 13) വിഐപി സന്ദര്‍ശനം റദ്ദാക്കിയതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. നിലവിൽ ‘സർവ ദർശന’ത്തിനായി ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സർവ ദർശനത്തിന് ചില ദിവസം 24 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്.
ഈ മാസം 12 മുതൽ 14 വരെ തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ദേവസ്ഥാനം അധികൃതര്‍ അറിയിച്ചു. ഇത് കണക്കിലെടുത്ത് 13-ാം തീയതിയിലെ ദർശനം റദ്ദാക്കാൻ ടിടിഡി തീരുമാനിച്ചു. ആ സമയം സാധാരണ ഭക്തർക്കായി നീക്കിവയ്‌ക്കും. അതിനാൽ, ശനിയാഴ്‌ച ഭക്തരിൽ നിന്നുള്ള ശുപാർശ കത്തുകൾ സ്വീകരിക്കുന്നതല്ല.
ഭക്തർ സമർപ്പിക്കുന്ന പണം, സ്വർണം, വെള്ളി, വിദേശ കറൻസികൾ എന്നിവ കൃത്യമായ ഓഡിറ്റിങ്ങിന് ശേഷം ടിടിഡി അധികൃതര്‍ ബാങ്കുകളിൽ നിക്ഷേപിക്കുന്നു. ഈ ഫണ്ട് പ്രധാനമായും സൗജന്യ അന്നപ്രസാദ വിതരണം, ക്ഷേത്ര ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പൂജാദി കർമ്മങ്ങൾ എന്നിവയുടെ നിർവഹണം എന്നിവയ്‌ക്ക് ഉപയോഗിക്കുന്നു. കൂടാതെ ടിടിഡി നടത്തുന്ന സൗജന്യ ആശുപത്രികൾ, സ്‌കൂളുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ നടത്തിപ്പിനും ഈ പണം ഉപയോഗിക്കുന്നു.
10,000 രൂപ ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നൽകുന്ന ഭക്തർക്ക് 500 രൂപയുടെ വിഐപി ബ്രേക്ക് ദർശൻ ടിക്കറ്റ് ലഭിക്കും.നിലവിൽ ഈ ടിക്കറ്റ് കൈവശം ഉള്ളവർക്ക് ഒന്നര മണിക്കൂറിനുള്ളിൽ ദർശനം സാധ്യമാകും.ഭക്തർക്കായി ഓൺലൈൻ വഴി മുൻകൂട്ടി മുറികൾ ബുക്ക് ചെയ്യാം. നേരിട്ട് വരുന്നവർക്ക് തിരുപ്പതി റെയിൽവേ സ്റ്റേഷന് സമീപമുള്ള സിആർഒ ഓഫിസ് വഴി ഓഫ്‌ലൈനായും റൂമുകൾ അനുവദിക്കാറുണ്ട്.