
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി കരുണയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്‍. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതി പൊലീസ് മുഖവിലയ്‌ക്കെടുക്കണം.
മൂന്ന് മാസത്തിനിടെ ഓച്ചിറയിലും കുണ്ടറയിലുമായി രണ്ട് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ വാര്‍ത്ത കേരളം കേട്ടു. അമ്മു സജീവിന്റെ ഉള്‍പ്പെടെ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളുടെ ദുരൂഹ മരണത്തില്‍ നീതി ഉറപ്പാക്കുന്ന തുടര്‍നടപടികള്‍ സംഭവിക്കുന്നില്ല.
മാനസിക ആരോഗ്യ കൗണ്‍സിലിംഗുകള്‍ ഓരോ വിദ്യാര്‍ത്ഥിയിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.ആന്റി റാഗിംഗ് കമ്മിറ്റികള്‍ സജീവമാണോ എന്നത് പരിശോധിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സ്വതന്ത്ര സംവിധാനം
സര്‍ക്കാര്‍തലത്തില്‍ രൂപീകരിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രികൂടിയായ വി മുരളീധരന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയും അടൂര്‍ പെരിങ്ങനാട് സ്വദേശിനിയുമായ കരുണയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ എത്തി എംഎല്‍എ കരുണയുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.