ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തില്‍ ആലപ്പുഴയിലെ പ്രസ്ഥാനത്തെ വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിന് തിരുവിതാംകൂര്‍ പട്ടാളത്തിന് കഴിഞ്ഞത് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചതിനാലാണെന്ന് പുന്നപ്ര വയലാര്‍ ഡയറക്ടറിയുടെ ആമുഖത്തില്‍ വിമര്‍ശനം. സമരത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്ന വേളയിലും ഔപചാരികമായ പ്രഖ്യാപനം അവസാന നിമിഷംവരെ വച്ചു താമസിപ്പിച്ചത് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു ശക്തമായ വിഭാഗത്തിന്റെ അഭ്യര്‍ത്ഥനമൂലമാണ്. അതിനുള്ളില്‍ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പാണ് അവര്‍ നല്‍കിയത്. എന്നാല്‍ സമരത്തെ വഞ്ചിച്ചുകൊണ്ട് അവരെല്ലാവരും പിന്‍വാങ്ങി.
അതുപോലെതന്നെ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സിലാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ നേതാക്കളായ ശ്രീകണ്ഠന്‍ നായരെപ്പോലുള്ളവര്‍ കൊല്ലം മേഖലയില്‍ പണിമുടക്കിനു നേതൃത്വം നല്‍കാന്‍ വിസമ്മതിച്ചു. ആലപ്പുഴയിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ടു. സ്റ്റേറ്റ് കോണ്‍ഗ്രസിലെ വഞ്ചനമൂലം തിരുവിതാംകൂര്‍ പൊതുരാഷ്‌ട്രീയം നിശബ്ദമായിരുന്നു. ഇതു തന്റെ സേനയെ ആലപ്പുഴയില്‍ കേന്ദ്രീകരിക്കാന്‍ ദിവാനു സഹായകരമായി. വഞ്ചിച്ചവര്‍ പിന്നീട് ‘വഞ്ചിക്കപ്പെട്ട വേണാട്’ വ്യാഖ്യാനവുമായി രംഗപ്രവേശനം ചെയ്തു.
പുന്നപ്ര-വയലാര്‍ സമരപോരാളികളുടെ സൈനിക അടവുകളും പരിശോധിക്കേണ്ടതുണ്ട്. ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ സ്വീകരിക്കാതിരുന്നതിനെക്കുറിച്ച് വിമര്‍ശനപരമായി തെലുങ്കാന സഖാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ.വി. പത്രോസ് അടക്കമുള്ള തിരുവിതാംകൂറില്‍ നിന്നുള്ള ഒരു ചെറുസംഘം രണ്ടാംലോക മഹായുദ്ധക്കാലത്ത് പൂനെയില്‍ സൈനിക പരിശീലനം നേടിയിരുന്നു. എക്സ് സര്‍വ്വീസുകാരുടെ സേവനം വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പുന്നപ്ര കടന്നാക്രമണത്തിലെ അപ്രതീക്ഷിതമായ ആള്‍നാശവും പട്ടാളനീക്കങ്ങളും പരിഭ്രാന്തി സൃഷ്ടിച്ചു എന്നുവേണം കരുതാന്‍.
പിടിച്ചെടുത്ത തോക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിനായില്ല. പുന്നപ്ര ഏറ്റുമുട്ടലിനു ശേഷം ക്യാമ്പുകള്‍ പിരിച്ചുവിടുന്നതിന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും അറിയിപ്പ് തക്കസയമത്ത് ചേര്‍ത്തലയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മുകളില്‍ നിന്നുള്ള നിര്‍ദേശം ഇല്ലാതെതന്നെ ക്യാമ്പുകള്‍ പിരിച്ചുവിടുന്നതിന് വയലാര്‍ പ്രദേശത്ത് കുമാരപണിക്കര്‍ മുന്നോട്ടുവന്നെങ്കിലും അണികള്‍ ശക്തമായി അതിനെ എതിര്‍ക്കുകയായിരുന്നു. മാരാരിക്കുളത്തെ വെടിവയ്‌പ്പിനുശേഷം പകരം ചോദിക്കണമെന്ന വാശിയിലായിരുന്നു ക്യാമ്പ് അംഗങ്ങള്‍.