ഭോപാല്‍: നഗരങ്ങളിലെ വായു മലിനീകരണത്തിനെതിരെ അത്യാധുനിക സാങ്കേതികവിദ്യയുമായി പുതിയൊരു ചുവടുവെപ്പുമായി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. തലസ്ഥാനനഗരിയായ ഭോപ്പാലിൽ നഗരമധ്യത്തില്‍ വായുമലീനികരണം ഇല്ലാതാക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ഫലപ്രദമായ ആല്‍ഗെ ട്രീ സ്ഥാപിച്ചു.
മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള തിരക്കേറിയ നഗരപ്രദേശങ്ങളിൽ വായു ശുദ്ധീകരിക്കുന്നതിനായാണ് സാധാരണ ആല്‍ഗെ ട്രീ സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യത്തെ ‘ആൽഗേ ട്രീ’ ആണ് ഭോപ്പാലിലെ സ്വാമി വിവേകാനന്ദ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ഊര്‍ജ്ജം പകരാന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടായിരിക്കും. സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജം വലിച്ചെടുക്കുന്ന സൗരോര്‍ജ്ജ പാനല്‍ നല്‍കുന്ന ഊര്‍ജ്ജം കൊണ്ട് ടാങ്കിനകത്തെ പമ്പുകളും സെന്‍സറുകളും ലൈറ്റുകളും പ്രവര്‍ത്തിക്കും. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് പച്ചനിറത്തില്‍ കത്തും. ആല്‍ഗെകള്‍ വളരുന്ന ടാങ്കിലേക്ക് മലിനീകരണ വായു വലിച്ചെടുക്കും. ആല്‍ഗെകള്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് വളരും. പകരം ഓക്സിജന്‍ പുറത്തുവിടും. ഇതാണ് പ്രവര്‍ത്തനം.
എന്താണ് ആല്‍ഗെ ട്രീ?
പേര് ട്രീ എന്നാണെങ്കിലും കാണാന്‍ കഴിയുക പച്ചനിറത്തില്‍ കത്തുന്ന ഒരു ചെറിയ ഉരുണ്ട ടാങ്ക് ആണ്. മഷ് റൂം വേള്‍ഡ് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഇതിനുള്ളില്‍ വെള്ളവും സൂക്ഷ്മമായ ആല്‍ഗെകളുമാണ്. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം വായുവിലെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കും. പകരം അന്തരീക്ഷത്തിലേക്ക് ശുദ്ധമായ ഓക്സിജൻ പുറത്തുവിടും. ഏകദേശം 20 മുതൽ 25 വരെ വളർച്ചയെത്തിയ മരങ്ങൾ നൽകുന്ന ഗുണഫലം നൽകാൻ ഈ ഒരു യൂണിറ്റിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം 1.5 ടൺ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും 1 ടണ്ണോളം ഓക്സിജൻ ഉത്പാദിപ്പിക്കാനും ഇതിന് ശേഷിയുണ്ട്.
ആരാണ് മഷ്റൂം വേള്‍ഡ് ഗ്രൂപ്പ്
2008ല‍് വിജയ് സാഗര്‍ എന്ന ബിസിനസുകാരന്‍ സ്ഥാപിച്ച ബിസിനസാണിത്. തുടക്കത്തില്‍ കൂണുകള്‍ വളര്‍ത്തുന്നതില്‍ പരിശീലനം നല‍്കുന്നതായിരുന്നു പ്രധാന സംരംഭം. പിന്നീട് ഈ ഗ്രൂപ്പ് ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ആരോഗ്യം, വെല്‍നെറ്റ്, ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ ടെക്നോളജി എന്നിവയിലേക്ക് നീങ്ങി. ഇന്ന് പലരാജ്യങ്ങളിലും മഷ് റൂം വേള്‍ഡ് ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
എവിടെയാണ് ആല്‍ഗെ ട്രീകള്‍ ഉപയോഗിക്കുന്നത്?
സെര്‍ബിയ, സിംഗപ്പൂര്‍, ജര്‍മ്മനി, മെക്സിക്കോ എന്നീ നഗരങ്ങളില്‍ ആല്‍ഗെ ട്രീകള്‍ ഉപയോഗിക്കുന്നു. ഇത് ഒരു ബയോടെക്നോളജിയില്‍ അധിഷ്ഠിതമായ സങ്കല്‍പമാണ്.
നമ്മുടെ പ്രകൃതിദത്തമായ മരങ്ങൾക്ക് ഇതൊരു പകരമല്ലെങ്കിലും, സ്ഥലപരിമിതിയുള്ള നഗരങ്ങളിൽ വായു മലിനീകരണം കുറയ്‌ക്കാൻ ഇത്തരം സ്മാർട്ട് സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും.