തിരുവനന്തപുരം:മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സതീശന്‍ ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ഉറച്ച പിന്തുണ നല്‍കിയത് മുസ്ലീം ലീഗാണ്.ഇതിന് പിന്നില്‍ ചില തീവ്ര സംഘടനകളുടെ ഇടപെടലുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ചില വകുപ്പുകളില്‍ മാറ്റം വന്നേക്കുമെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം വിട്ടു നല്‍കണമെന്ന ആവശ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകുമെന്നതില്‍ അവസാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഘടക കക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.മുസ്ലീം ലീഗിന് ആവശ്യപ്പെട്ട അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്നാണ് വിവരം. സി പി ജോണ്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായി.അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ആലോചന.എന്നാല്‍ മാണി സി കാപ്പന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.