• Tue. Nov 17th, 2026

24×7 Live News

Apdin News

യുപി കരട് വോട്ടർ പട്ടികയായി; ആകെ 13.58 കോടി വോട്ടർമാർ; വോട്ടു ചേർക്കൽ യജ്ഞവുമായി ബിജെപി

Byadmin

Nov 17, 2026



ലഖ്‌നൗ: അടുത്ത വർഷം ജനുവരി നാലിന് അന്തി വോട്ടർപട്ടിക പുറത്തിറക്കാനിരിക്കെ ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ കരട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടികളുടെ ഭാഗമായി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 13.58 കോടിയിലധികമായി. ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച മുൻ പട്ടികയേക്കാൾ 18.84 ലക്ഷം വോട്ടർമാരുടെ വർധനയാണ് പുതിയ പട്ടികയിലുള്ളതെന്ന് യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയ പട്ടികയിലെ കണക്കുകൾ

കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് 13,58,68,905 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 7,38,58,510 പുരുഷന്മാരും 6,20,06,353 സ്ത്രീകളുമാണ്. 1819 വയസ്സ് പ്രായമുള്ള 11,83,352 കന്നിവോട്ടർമാരുണ്ട്. ഏപ്രിൽ 10ലെ പട്ടികയിൽ 13,39,84,792 വോട്ടർമാരായിരുന്നു.

അതേസമയം, ജനസംഖ്യാ പ്രൊജക്ഷൻ കണക്കുകൾ പ്രകാരം പ്രതീക്ഷിച്ചതിനേക്കാൾ 2.58 കോടിയിലധികം (2,58,16,096) വോട്ടർമാർ പട്ടികയിൽ കുറവാണ്. 8.32 കോടി പുരുഷ വോട്ടർമാർ പ്രതീക്ഷിച്ചിടത്ത് 94.17 ലക്ഷത്തിന്റെയും, 7.84 കോടി സ്ത്രീ വോട്ടർമാർ പ്രതീക്ഷിച്ചിടത്ത് 1.64 കോടിയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്തിമ പട്ടിക ജനുവരി നാലിന്

നവംബർ 17ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ഡിസംബർ 16 വരെ സമർപ്പിക്കാം. ഇവയിലുള്ള തീർപ്പാക്കൽ നടപടികൾ ഡിസംബർ 28നകം പൂർത്തിയാക്കും. തുടർന്ന് 2027 ജനുവരി നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ബൂത്ത് തലത്തിൽ വോട്ടുചേർക്കാൻ ബിജെപി

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ, അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ബിജെപി സംസ്ഥാനവ്യാപകമായി ‘വോട്ടർ ജോഡോ അഭിയാൻ’ (വോട്ടർ ചേർക്കൽ യജ്ഞം) ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 17 മുതൽ ഡിസംബർ 16 വരെ നീളുന്ന ഒരു മാസത്തെ പ്രത്യേക യജ്ഞമാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

പട്ടികയിൽ പേരു ചേർക്കാത്ത ഏകദേശം 1.27 കോടി ആളുകളെ കണ്ടെത്തി വോട്ടർമാരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 1,73,730 പോളിംഗ് ബൂത്തുകളിൽ ഓരോന്നിലും കുറഞ്ഞത് 50 പുതിയ വോട്ടർമാരെ വീതം ചേർക്കാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിലൂടെ ഏകദേശം 86.86 ലക്ഷം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

By admin