• Sun. Nov 22nd, 2026

24×7 Live News

Apdin News

യുവജന ശാക്തീകരണത്തിനും രാജ്യ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും നൈപുണ്യ വികസനവും സാങ്കേതിക പരിശീലനവും അത്യന്താപേക്ഷിതം : നരേന്ദ്രമോദി

Byadmin

Nov 22, 2026



 ലക്‌നൗ: യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും നൈപുണ്യ വികസനവും സാങ്കേതിക പരിശീലനവും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്‌നൗവില്‍ ‘അഞ്ചാമത് കൗശല്‍ ദീക്ഷാന്ത് സമാരോഹി’ല്‍ സംസാരിക്കവെ, ഐ ഐടി ആയാലും ഐ ടി ഐആയാലും, അവ രണ്ടും രാജ്യത്തിന്റെ അമൂല്യമായ സമ്പത്താണെന്നും, അവ നമ്മുടെ രാജ്യത്തിന്റെ കരുത്തിനെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഭാരതത്തിന്റെ ഭാവിയുടെ അടിത്തറ കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐ ടിഐ-യില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിച്ച നൈപുണ്യങ്ങളും വൈദഗ്ധ്യവും ‘വികസിത് ഭാരതി’ന്റെ വലിയൊരു ശക്തിസ്രോതസാണെന്ന് അദ്ദേഹം പറഞ്ഞു.

നൈപുണ്യങ്ങളെയും കരകൗശല വൈദഗ്ധ്യങ്ങളെയും എപ്പോഴും ആദരിക്കുന്ന രാജ്യമാണ് ഭാരതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബനാറസി, കാഞ്ചീപുരം പട്ടുതുണികള്‍, പരുത്തി വസ്ത്രങ്ങള്‍, കലങ്കാരി കല, വാളുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഉരുക്ക്, വെങ്കല നിര്‍മ്മിതികള്‍, ശില്പകല എന്നിവയുള്‍പ്പെടെ സമ്പന്നമായ കരകൗശല പാരമ്പര്യം ഭാരതത്തിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജ്യത്തിന് മുന്‍ഗണന’ എന്ന ചിന്താഗതിയോടെ മുന്നോട്ട് പോകുമ്പോള്‍, അത് വ്യക്തികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന് വലിയ നേട്ടങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരിയായ നൈപുണ്യങ്ങളുള്ളവരുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയവും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഭാരതം ലോകത്തിന്റെ ‘നൈപുണ്യ തലസ്ഥാന’മായി മാറിക്കൊണ്ടിരിക്കുകയാണെന്നും, നൈപുണ്യമുള്ളതും പരിശീലനം ലഭിച്ചതുമായ പ്രൊഫഷണലുകള്‍ക്കായി ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ല്‍ ആരംഭിച്ച ‘സ്‌കില്‍ ഇന്ത്യ മിഷന്‍’ ഉത്തര്‍പ്രദേശില്‍ വളരെ വേഗത്തില്‍ നടപ്പിലാക്കിവരികയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് ഇതുവരെ 17 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പരിശീലനം ലഭിച്ച ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിവ് ഒരു വ്യക്തിക്ക് കാര്യങ്ങളെക്കുറിച്ചുള്ള ധാരണ നല്‍കുന്നുവെന്നും നൈപുണ്യങ്ങള്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള കഴിവ് നല്‍കുന്നുവെന്നും ഭാരത പാരമ്പര്യങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇവ രണ്ടും ചേരുമ്പോള്‍ ഒരു വ്യക്തി സ്വയം പര്യാപ്തനായിത്തീരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ശക്തമായ ഒരു നൈപുണ്യ വികസന പരിസ്ഥിതി രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും മറ്റ് നൈപുണ്യ പരിശീലന സ്ഥാപനങ്ങളില്‍ നിന്നും ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ച 52 പേരെ ചടങ്ങില്‍ ആദരിച്ചു. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗ്’ സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടി, ദല്‍ഹിക്ക് പുറത്ത് വച്ച് നടത്തപ്പെടുന്നത് ഇതാദ്യമായാണ്. ലക്‌നൗവില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള അയ്യായിരത്തിലധികം ഐടിഐ വിദ്യാര്‍ത്ഥികളും പരിശീലകരും ഈ പരിപാടിയില്‍ പങ്കെടുത്തു.

നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

 

By admin