
ന്യൂദല്‍ഹി: ആര്‍എസ്എസ് ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം രാഷ്‌ട്രവന്ദനം ഇന്ന് രോഹിണി സെക്ടര്‍ 23 ലെ ‘സമരസത സ്ഥല്‍’ മൈതാനത്ത് സംഘടിപ്പിക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന സമ്മേളനത്തില്‍ പൂര്‍ണ ഗണവേഷധാരികളായ ഒരുലക്ഷം സ്വയംസേവകര്‍ അണിനിരക്കും. അതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 75,000ത്തോളം വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
രാവിലെ 10.30 മുതല്‍ സ്വയംസേവകര്‍ അവതരിപ്പിക്കുന്ന ശാരീരിക് പ്രകടനങ്ങളും ഘോഷ് പ്രകടനവും ഉണ്ടാകും. രാവിലെ 11.30 മുതലാണ് സര്‍സംഘചാലകിന്റെ പ്രഭാഷണം. സംഘത്തിന്റെ ഭാവി, ദിശ, സാമൂഹിക പങ്കാളിത്തം, സംഘടനാ വികാസം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ സര്‍സംഘചാലക് പങ്കുവെക്കും. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് കെഹാര്‍, പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവര്‍ പങ്കെടുക്കും.
2025ല്‍ ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പരയോടെയാണ് ശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചത്.