ന്യൂദല്‍ഹി: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തികേടുണ്ടാക്കുന്നവർക്ക് ഇനി കനത്ത പിഴ. നിലവിലുണ്ടായിരുന്ന 500 രൂപ പിഴ 1,000 രൂപയായി ഉയർത്തി റെയിൽവേ ചട്ടത്തിൽ ഭേദഗതി വരുത്തി. തിങ്കളാഴ്ച മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു.
പിഴ അടയ്‌ക്കാൻ വിസമ്മതിച്ചാൽ പ്രതിയെ കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താം. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ മാനേജർ, ടിക്കറ്റ് കലക്ടർ എന്നിവരുടേതിന് തുല്യമോ അതിന് മുകളിലോ ഉള്ള റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് പിഴ ചുമത്താനുള്ള അധികാരം.
ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം വലിച്ചെറിയുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ പ്രവൃത്തികൾക്കും ഇനി പിഴ ഈടാക്കും. റെയിൽവേ പരിസരത്ത് തുണി അലക്കുകയോ വാഹനങ്ങൾ കഴുകുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നതും പിഴ ലഭിക്കാവുന്ന നിയമലംഘനങ്ങളാണ്.
ഇത് കൂടാതെ റെയിൽവേയുടെ സ്വത്തുക്കൾ നശിപ്പിക്കുന്നവരും പിഴയടയ്‌ക്കേണ്ടിവരും. റെയിൽവേ സ്റ്റേഷന്റെ പരിസരങ്ങളിൽ അനധികൃതമായി ചുവരെഴുത്തും പോസ്റ്ററുകളും ഒട്ടിക്കുന്നതും കുറ്റകരമാണ്.