• Sun. Oct 4th, 2026

24×7 Live News

Apdin News

ലോകോത്തര താരത്തെ ഞൊടിയിടയിൽ കബളിപ്പിച്ച് മലയാളി താരം; വിഡിയോ കണ്ട് അമ്പരന്ന് ഫുട്ബോൾ ലോകം!

Byadmin

Oct 4, 2026


കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് പരാജയമെങ്കിലും വീറുറ്റ പോരാട്ടം. ലോകഫുട്ബോളിലെ വമ്പൻമാരായ ബ്രസീലിനോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.

സാമുവൽ ലിനോ ഇരട്ടഗോളുകളും (58, 90+5), എസ്റ്റാവൊ വില്യൻ (28), പെഡ്രോ (42) എന്നിവരും ബ്രസീലിനായി വലകുലുക്കി.

സ്കോർബോർഡിൽ തോൽവി വഴങ്ങിയെങ്കിലും, മത്സരത്തിലുടനീളം ബ്രസീലിയൻ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഇന്ത്യൻ ടീം ഉയർത്തിയത്. ഇതിനിടയിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് പുറത്തെടുത്ത മിന്നൽ മുന്നേറ്റം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

മത്സരത്തിനിടയിൽ ബ്രസീൽ താരത്തെ സഹൽ നട്മെഗ് (Nutmeg) ചെയ്ത് കടന്നുപോയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

മൈതാനമധ്യത്ത് ബ്രസീലിയൻ താരത്തിന്റെ കാലിൽ നിന്ന് പന്ത് പിടിച്ചെടുത്ത സഹൽ, തന്നെ തടയാൻ ഓടിയെത്തിയ പ്രമുഖ താരം ഡഗ്ലസ് സാൻ്റോസിനെ അതിവിദഗ്ധമായി കബളിപ്പിച്ച് പന്തുമായി മുന്നേറുകയായിരുന്നു.

സഹലിന്റെ ഈ മാന്ത്രിക നീക്കം കണ്ട് ഗാലറിയിലെ പതിനായിരക്കണക്കിന് ആരാധകരാണ് ആർപ്പുവിളികളോടെ ആവേശം പങ്കുവെച്ചത്.

ഇത് കൂടാതെ ഇന്ത്യൻ മുന്നേറ്റനിരയിൽ റയാൻ വില്ല്യംസും മൻവീർ സിംഗും നടത്തിയ ചില മികച്ച മുന്നേറ്റങ്ങളും മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടു.

മലയാളി താരങ്ങളുടെ തിളക്കമുള്ള സാന്നിധ്യമായിരുന്നു മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യൻ ടീമിൽ ഇടംപിടിച്ച നാല് മലയാളി താരങ്ങളിൽ മൂന്ന് പേരും ആദ്യ ഇലവനിൽ തന്നെ കളത്തിലിറങ്ങി.

സഹൽ അബ്ദുൾ സമദ് അറ്റാക്കിങ് മിഡ്ഫീൽഡറായും, ആഷിഖ് കുരുണിയൻ വിങ്ങറായും, ബിജോയ് വർഗീസ് സെൻട്രൽ ബാക്കായും കളി തുടങ്ങിയപ്പോൾ, മറ്റൊരു മലയാളി താരമായ മുഹമ്മദ് സനാൻ രണ്ടാം പകുതിയിൽ ആഷിഖിന് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി.

മധ്യനിരയിൽ കളി മെനയുന്നതിലും ബ്രസീലിയൻ താരങ്ങളുടെ മുന്നേറ്റങ്ങളെ തടയുന്നതിലും സഹൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തിൽ ഉറച്ചുനിന്ന ബിജോയ് ആദ്യ പകുതിയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

59-ാം മിനിറ്റിൽ സഹലിനെ പിൻവലിച്ച് പരിശീലകൻ ഖാലിദ് ജമീൽ എഡ്മുണ്ട് ലാൽറിൻഡികയെ കളത്തിലിറക്കുകയായിരുന്നു.

ലോകോത്തര താരങ്ങൾ അണിനിരന്ന ബ്രസീലിനെതിരെ മലയാളി താരങ്ങളുടെയും ഇന്ത്യൻ ടീമിന്റെയും ഈ ചെറുത്തുനിൽപ്പ് രാജ്യത്തെ ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കുന്നതായിരുന്നു.







By admin