കോട്ടയം: വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ കസ്റ്റഡിയിൽ. കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 13ന് കഞ്ഞിക്കുഴിയിൽ നടന്ന വിവാഹത്തിന് ഭക്ഷണം എത്തിക്കാഞ്ഞതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്.
ഇതേദിവസം മുണ്ടക്കയം ചോറ്റിയിലും ഇയാൾ വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാമെന്ന് ഏറ്റ് പണം വാങ്ങിയിരുന്നു, എന്നാൽ ഇവിടെയും ഭക്ഷണം എത്തിയില്ല. കഞ്ഞിക്കുഴിയിലെ സംഭവം വാർത്തയായതിന് പിന്നാലെ ചോറ്റിയിലെ കല്യാണ വീട്ടുകാരും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത് വാർത്തയായതോടെ എറണാകുളം പെരുമ്പാവൂരിലും ഇയാൾ കല്യാണത്തിന് ഭക്ഷണം ഏറ്റശേഷം മുങ്ങി എന്ന് പരാതി ലഭിച്ചിട്ടുണ്ട്.
ഈ കേസുകൾ പുറത്തുവന്നതോടെ കൂടുതൽ പേർ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവരുന്നുമുണ്ട്.ഈ മാസം മാത്രം മൂന്ന് കല്യാണങ്ങളാണ് ഈ കാറ്ററിങ് സ്ഥാപനത്തിന്റെ തട്ടിപ്പിൽ കുടുങ്ങി നശിപ്പിക്കപ്പെട്ടത്. ക്ഷണിച്ചുവരുത്തിയ അഥിതികൾക്ക് ഭക്ഷണം നൽകാൻ കഴിയാതെ വധുവിന്റെ വീട്ടുകാർ നെട്ടോട്ടമോടി. ഈ കുടുംബങ്ങൾക്ക് ആജീവനാന്ത നാണക്കേടിനും ഇത് കാരണമായി. മുണ്ടക്കയത്തെയും കഞ്ഞിക്കുഴിയിലെയും വീട്ടുകാരിൽനിന്ന് ഒരുലക്ഷം രൂപ വീതവും പെരുമ്പാവൂരിലെ വീട്ടുകാർ മൂന്ന് ലക്ഷം രൂപയും പ്രതി കൈക്കലാക്കിയിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പലരും വിഷ്ണുവിന്റെ കേറ്ററിങ് സ്ഥാപനത്തെക്കുറിച്ച് അറിയുകയും ഓഡർ നൽകുകയും ചെയ്തിരുന്നത്. കഞ്ഞിക്കുഴിയിലും മുണ്ടക്കയത്തും വിഷ്ണു ഏറ്റെടുത്ത വിവാഹങ്ങളിൽ ഭക്ഷണമെത്തിയില്ല എന്ന വിവരം വാർത്തയായതോടെ നിരവധിപ്പേർ പരാതിയുമായി എത്തിയിട്ടുണ്ട്.കഞ്ഞിക്കുഴിയിലെ തട്ടിപ്പിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കഞ്ഞിക്കുഴിയിൽ 250 പേർ പങ്കെടുക്കുന്ന വിവാഹത്തിന്റെ ഭക്ഷണം, സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു നൽകിയിരുന്നത്. ചോറ്റി ക്ഷേത്രത്തിൽ വച്ച് നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്‌ക്ക് 1.4 ലക്ഷം രൂപയാണ് വിഷ്ണു അഡ്വാൻസ് വാങ്ങിയത്.