വീഴ്ചയും ഉയർച്ചയും ശീലമായൊരു കരിയർ. അതുപോലൊരു രാത്രിയുടെ പാതിക്ക് ശേഷം അയാൾ പറയുകയാണ്…
“കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകൾ മോശമായിരുന്നു, അതുകൊണ്ട് സമയമെടുത്ത് കെട്ടിപ്പടുക്കാം എന്ന് എനിക്ക് വിചാരിക്കാനാകില്ല. മുന്നോട്ട് പോകാൻ ഒരുവഴിയേയുള്ളൂ, ടീമിനാണ് പ്രഥമ പരിഗണന.
രാജ്യത്തിന് മികച്ച തുടക്കം നൽകുക എന്നതാണ് എന്റെ ജോലി, അത് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കും… പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കും.”
വൈഭവ് സൂര്യവംശി കാത്തിരിക്കുന്ന ഡഗൗട്ടിന് മുന്നിലൂടെ ധോണിയുടെ മണ്ണിലേക്ക് അയാൾ ചുവടുവെക്കുമ്പോൾ കമന്ററി ബോക്സിൽ ഹർഷ ഭോഗ്ലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള ചർച്ചകൾ ഓർമിപ്പിക്കുന്നുണ്ടായിരുന്നു.
അഞ്ചാം പന്തിൽ തീരേണ്ടിയിരുന്ന ഇന്നിംഗ്സ്
ഇന്നിംഗ്സിന്റെ ആയുസ്സ് അഞ്ചാം പന്തിൽ അവസാനിക്കേണ്ടതായിരുന്നു. കാൾ മയേഴ്സിന്റെ കൈപ്പിഴവ് അത് നീട്ടി നൽകി.
ആ ഒറ്റ ജീവന്റെ ഇടവേളയ്ക്ക് അപ്പുറം റാഞ്ചി സാക്ഷ്യം വഹിച്ചത് അനിവാര്യമായൊരു ഇന്നിംഗ്സിന്റെ ലോങ് ഓണിനപ്പുറമുള്ള തുടക്കമായിരുന്നു. സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളെ മറികടക്കാൻ അത്രമാത്രമേ വേണ്ടിയിരുന്നുള്ളൂ.
അഖീൽ ഹുസൈനോടുള്ള കണക്ക് തീർക്കൽ
അഞ്ചാം ഓവർ. അഖീൽ ഹുസൈൻ, ലക്നൗവിലെ ഒരു കണക്ക് ബാക്കിയുണ്ടായിരുന്നു. അഖീൽ ആദ്യമെത്തിയപ്പോൾ ഒന്ന് പതറിയെങ്കിലും ഇക്കുറി അങ്ങനെയായിരുന്നില്ല. ഫുൾ ലെങ്ത് പന്തിൽ ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ്, ബൗണ്ടറി.
“ഈ ഷോട്ട് കണ്ടിട്ട് നിങ്ങൾക്ക് ഒരിക്കലും സഞ്ജു ഫോമിലല്ലെന്ന് പറയാനാകില്ല” – സുനിൽ ഗവാസ്കറിന്റെ വാക്കുകൾ.
തേടിയെത്തിയ അടുത്ത പന്തും സമാന ഡെലിവെറി, ഇക്കുറി ലെഗ് സൈഡിലേക്ക് ചുവടുമാറി ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ ഇൻസൈഡ് ഔട്ട് സിക്സ്.
ലൈനിൽ മാറ്റം വരുത്തിയെങ്കിലും ലെങ്ത് ആവർത്തിച്ച അഖീലിനെ പിന്നീട് ലോങ് ഓണിലേക്കും പറത്തി. ആ ഓവറിൽ നേരിട്ട 5 പന്തിൽ സഞ്ജു അടിച്ചെടുത്തത് 21 റൺസ്.
21 പന്തിൽ ഫിഫ്റ്റി, കോലിക്കൊപ്പം
ടൈമിംഗിലെ പോരായ്മകളെ പ്ലേസ്മെന്റ് കൊണ്ട് മറികടക്കുന്ന സഞ്ജുവിനെയാണ് റാഞ്ചിയിൽ കണ്ടത്. റൊമാരിയോ ഷെപ്പേഡിന്റെ ഫുൾ ലെങ്ത് ഡെലിവറിയിൽ ഒരു ടെക്സ്റ്റ്ബുക്ക് കവർ ഡ്രൈവിലൂടെ അർധ സെഞ്ച്വറിയിലേക്ക്. വെറും 21 പന്തിൽ.
വിൻഡീസിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ഫിഫ്റ്റി. 2019-ൽ വാംഖഡെയിൽ വിരാട് കോലി കുറിച്ച റെക്കോർഡിനൊപ്പം സഞ്ജുവും.
ഫോർമാറ്റിലെ ഒൻപതാം ഫിഫ്റ്റി. അതും പവർപ്ലേയ്ക്കുള്ളിൽ തന്നെ. ഇന്ത്യൻ സ്കോർ 79-ൽ എത്തിയപ്പോൾ സഞ്ജു 50 കടന്നു. സ്കോർബോർഡ് ഡോമിനേഷൻ കണ്ട മറ്റൊരു ഇന്നിംഗ്സ് കൂടി.
റാഞ്ചി ആസ്വദിച്ച വെടിക്കെട്ട്
സഞ്ജുവിന് അൽപം വിശ്രമം നൽകി ഇഷാൻ കിഷൻ ഉത്തരവാദിത്തമേറ്റെടുത്തു. ഫലം ഗുഡാകേഷ് മോട്ടിയും റോസ്റ്റൺ ചേസും ബൗണ്ടറി റോപ്പിനപ്പുറം.
മോട്ടിയുടെ ഷോർട്ട് ബോൾ 91 മീറ്റർ ദൂരം താണ്ടിയ സിക്സ്, പിന്നാലെ കവറിലൂടെ മറ്റൊരു ബൗണ്ടറി.
ഷമർ ജോസഫിന്റെ മണിക്കൂറിൽ 145 കിലോമീറ്റർ ക്ലോക്ക് ചെയ്ത ഡെലിവെറി ഷോർട്ട് ഫൈനിലേക്ക് ഗൈഡ് ചെയ്തൊരു ഫോർ കൂടി. 10 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ 127.
എന്നാൽ ഇഷാന്റെ മടക്കവും ശിവം ദുബെയുടെ മെല്ലെയുള്ള തുടക്കവും സഞ്ജുവിന്റെ സ്കോറിംഗിനെ അൽപമൊന്ന് പിടിച്ചുനിർത്തി.
ഒരു അപ്പർ കട്ട് കൂടി ബാക്കിവെച്ച് ഷമർ സ്പ്രിംഗറുടെ പന്തിൽ പുരാന്റെ കൈകളിൽ ഇന്നിംഗ്സ് അവസാനിച്ചു – 41 പന്തിൽ 82 റൺസ്, 9 ഫോറും 4 സിക്സും.
ഗംഭീർ പോലും എഴുന്നേറ്റ് കൈയടിച്ചു
ലഖ്നൗവിൽ സഞ്ജുവിന്റെ മടക്കത്തിന് പിന്നാലെ തലയിൽ കൈവെച്ച് നിരാശപ്പെട്ട ഗംഭീർ, റാഞ്ചിയിൽ ഡഗൗട്ടിൽ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ഡഗൗട്ട് മാത്രമല്ല, റാഞ്ചിയിലെ ഗ്യാലറി മുഴുവനും.
മുന്നിലെത്തിയ ബൗളർമാരിൽ ബൗണ്ടറി വഴങ്ങാതിരുന്നത് സ്പ്രിംഗർ മാത്രമായിരുന്നു. അഖീൽ മുതൽ ഷമർ വരെയുള്ള എല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
സഞ്ജുവിന്റെ ഫോർമുല വ്യക്തം
സഞ്ജുവിനെതിരെ പന്തെടുക്കുന്ന ടീമുകൾക്ക് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ. ഒന്നുകിൽ 15 പന്തിന് മുൻപ് അയാളെ പുറത്താക്കുക, അതിന് സാധിച്ചില്ലെങ്കിൽ അയാളുടെ ബാറ്റിംഗ് ആസ്വദിക്കുക.
2026-ലെ മാത്രം കണക്കെടുത്താൽ 15 പന്തിൽ താഴെ സഞ്ജു നേരിട്ട 16 ഇന്നിംഗ്സുകളുണ്ട് – ആകെ 164 റൺസ്, സ്ട്രൈക്ക് റേറ്റ് 136, ഒരു 30 പ്ലസ് സ്കോർ പോലുമില്ല.
എന്നാൽ 15 പന്ത് പിന്നിട്ട 6 ഇന്നിംഗ്സുകളിൽ സഞ്ജുവിന്റെ നേട്ടം 464 റൺസാണ്, 6 അർധ സെഞ്ച്വറികൾ, സ്ട്രൈക്ക് റേറ്റ് 200-ന് അടുത്തും.
ക്രീസിൽ തുടരാനായാൽ മറ്റാരേക്കാളും ഇംപാക്ടുണ്ടാക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ചുരുക്കം. ഗംഭീറിന്റെ വിശ്വാസത്തിന് പിന്നിലെ കാരണവും അതുതന്നെയാണ്.