തൃശ്ശൂർ: പ്രമുഖ വിനോദസഞ്ചാര തീം പാർക്ക് ശൃംഖലയായ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ആരംഭിച്ചു. 82.43 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാലിമാർ എ. ഐ, ചെയർമാൻ അബ്ദുൽ ജലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. ഓഹരി വിൽപ്പന ജൂലായ് 28ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31നാണ് ലിസ്റ്റിങ്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് നടന്നു. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക.
രണ്ടര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം മികച്ചൊരു വിനോദസഞ്ചാര ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടെന്നും ജാംഷഡ്പൂരിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. 2025 ഒക്ടോബറിലാണ് ജാംഷഡ്പൂരിൽ ഇൻഡോർ സ്നോപാർക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ ഒമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.
2025-26 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടു മുൻവർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു. പ്രൊമോട്ടർ സിറാജ്. വി.എ, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9188905079.